ചെന്നൈ: കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ ഒക്‌ടോബര്‍ 29ന് നേരിട്ട് ഹാജരാക്കാന്‍ കോയമ്പത്തൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. വീഡിയോ കോണ്‍ഫറന്‍സ് വഴി ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന് കോടതി നടപടികള്‍ നടക്കാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ പുതിയ ഉത്തരവ്.

വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള കോടതി നടപടിക്ക് മദനി വിസമ്മതം അറിയിക്കുകയായിരുന്നു. അനാരോഗ്യം മൂലം വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് മദനി അറിയിച്ചു. ബാംഗളൂരിലെ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇന്ന് 2.30 നാണ് വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ തീരുമാനിച്ചിരുന്നത്. മദനിയുടെ വിസമ്മതത്തെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് റദ്ദാക്കുകയായിരുന്നു.

ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പരക്കേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന മഅദനിയെ വിമാനമാര്‍ഗം എത്തിച്ച് കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ വിചാരണ കോടതി നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും ഇതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാത്തതിനെ തുടര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്.

കേസില്‍ കഴിഞ്ഞ ആഴ്ചയാണ് മഅദനിയെ പ്രതി ചേര്‍ക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പര കേസില്‍ വിചാരണ തടവുകാരനായി മഅദനി കഴിയുന്ന സമയത്താണ് കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. ജയിലില്‍ കഴിയുന്ന മഅദനിയെ സന്ദര്‍ശിക്കാനെത്തിയ ഭാര്യ സൂഫിയയില്‍ നിന്നും സിംകാര്‍ഡും മറ്റും പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് പ്രസ് ക്ലബ്ബില്‍ സ്‌ഫോടനം നടത്തുന്നതിന് ബോംബുകള്‍ വെച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. സംഭവത്തില്‍ എറണാകുളം കാക്കനാട് സ്വദേശി ഷബീര്‍, കോഴിക്കോട് തിക്കോടി സ്വദേശി നൗഷാദ് എന്നിവരെ കോയമ്പത്തൂര്‍ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.