ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി നല്‍കിയ ജാമ്യ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളി. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ജഗന്നാഥനാണ് ജാമ്യം നിഷേധിച്ചത്.

മഅദനിക്കെതിരേയുള്ളത് അങ്ങേയറ്റം ഗൗരവമുള്ള ആരോപണങ്ങളാണെന്നും മഅദനിക്ക് ജാമ്യം നല്‍കുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാകുമെന്നും കോടതി നിരീക്ഷിച്ചു. മഅദനികേസ് പ്രഥമദൃഷ്ടട്യാ നിലനില്‍ക്കുന്നതാണ്. ഇത്തരം കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് ഈയവസരത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം മഅദനിയുടെ ശാരീരിക അവശതകള്‍ പരിഗണിച്ച് ജയിലില്‍ ആവശ്യമായ സൗകര്യം നല്‍കണമെന്നും അടിയന്തിരമായി മെഡിക്കല്‍ സഹായം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

സ്‌ഫോടനം നടക്കുന്നതിന് മുമ്പ് മഅദനി പ്രതികളെ ബന്ധപ്പെട്ടിരുന്നുവെന്നതിന് കോടതിക്ക് മുമ്പാകെ വന്ന തെളിവുകളില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നും വ്യക്തമാകുന്നതായി കോടതി നിരീക്ഷിച്ചു. മഅദനിക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന് പ്രത്യക്ഷമായ തെളിവുകളില്ലെന്ന മഅദനിയുടെ അഭിഭാഷകന്റെ വാദം കോടതി തള്ളി. ഇത്തരം കേസുകളില്‍ പ്രത്യക്ഷ തെളിവുകള്‍ പലപ്പോഴും ഉണ്ടാവില്ലെന്ന് കോടതി വ്യക്തമാക്കി.

വ്യക്തിയുടെ മനുഷ്യാവകാശം സംബന്ധിച്ച സുപ്രീം കോടതി വിധിയും ജസ്റ്റിസ് രംഗനാഥന്‍ പരാമര്‍ശിച്ചു. ‘ വ്യക്തിയുടെ മനുഷ്യാവകാശം പ്രധാനമാണ്. എന്നാല്‍ രാഷ്ട്രസുരക്ഷ പരമപ്രധാനമാണ്’- കോടതി നിരീക്ഷിച്ചു. സ്‌ഫോടനം നടക്കുന്നതിന് മുമ്പും ശേഷവും പ്രതികളുടെ ഫോണിലേക്ക് വന്ന കോളുകള്‍ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്നതിന് തെളിവാണെന്നും കോടതി പറഞ്ഞു.