ബാംഗ്ലൂര്‍: പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. തനിക്കെതിരായ കുറ്റപത്രവും തുടര്‍നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഹരജിയില്‍ സംസ്ഥാനസര്‍ക്കാറിനെയും പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വേണ്ടത്ര തെളിവുകളില്ലാതെയാണ് തന്നെ പ്രതിയാക്കിയിരിക്കുന്നതെന്നും മഅദനി ഹരജിയില്‍ പറയുന്നു. പ്രതിയാക്കാനുള്ള നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല. നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കാണ് തന്നെ കേസില്‍ പ്രതിയാക്കിയിരിക്കുന്നത്. ഇത്തരം കേസുകളില്‍ ഒരാളെ പ്രതിയാക്കണമെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി വേണം. അന്വേഷണസംഘം ഇത് പാലിച്ചില്ലെന്നും മഅദനി ഹരജിയില്‍ പറയുന്നു.

ഹരജി തിങ്കളാഴ്ച്ച പരിഗണിക്കും. മഅദനി സമര്‍പ്പിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. മഅദനിയെ അറസ്റ്റുചെയ്യാനായി കര്‍ണാടക പോലീസ് സംഘം കേരളത്തിലെത്തിയിട്ടുണ്ട്.