ന്യൂദല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി പുതിയ ബെഞ്ച് രൂപീകരിച്ചു. ജാമ്യാപേക്ഷ ഈ വെള്ളിയാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും.

ജെ.എം പാഞ്ചാല്‍, എച്ച്.എല്‍ ഗോഖലേ എന്നിവരാണ് പുതിയ ബെഞ്ചിലുള്ളത്. നേരത്തേ ജസ്റ്റിസ് മാര്‍ക്കണ്ടേയ കട്ജു, ഗ്യാന്‍സുധ മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ചിനു മുമ്പാകെയായിരുന്നു ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇരുവര്‍ക്കുമിടയിലെ അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്.

ജസ്റ്റിസ് കട്ജു മഅദനിക്ക് ജാമ്യം നല്‍കണമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ജസ്റ്റിസ് ഗ്യാന്‍സുധ മിശ്ര ഇതിനെതിരായ നിലപാടാണ് എടുത്തത്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതികളുമായി മഅദനി ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുണ്ടെന്നും അതിനാല്‍ മഅദനിക്ക് ജാമ്യം നല്‍കരുതെന്നുമാണ് കര്‍ണ്ണാടക സര്‍ക്കാറിന് വേണ്ടി ഹാജരായ ടി.ആര്‍ അന്ത്യരാജന്‍ കോടതിയില്‍ വാദിച്ചത്.

എന്നാല്‍ മഅദനി പ്രതികളുമായി ഫോണില്‍ സംസാരിച്ചതിന്റെ ടേപ്പ് ഹാജരാക്കാന്‍ ജസ്റ്റിസ് മാര്‍ഖണ്ഡേയ ഖഡ്ജു ആവശ്യപ്പെട്ടപ്പോള്‍ അതിന് സര്‍ക്കാര്‍ അഭിഭാഷകന് കഴിഞ്ഞില്ല.

വ്യക്തമായ തെളിവുകളില്ലാതെ ഈ ആരോപണം അംഗീകരിക്കാനാവില്ലെന്ന് ഖഡ്ജു വ്യക്തമാക്കി. അന്വേഷണം ശാസ്ത്രീയമായല്ല നടക്കുന്നത്. മഅദനിക്കെതിരെ മൂന്നാം മുറ ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ജഡ്ജി വ്യക്തമാക്കി.