കൊച്ചി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന കര്‍ണാടക പോലീസിലെ പ്രത്യേക അന്വേഷണസംഘം കേരളത്തിലെത്തി. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തിയത്. സംഘം കൊച്ചി പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാമുമായി ചര്‍ച്ച നടത്തിയശേഷം കൊല്ലത്തേക്കു പുറപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഅദനിയുടെ കൊച്ചിയിലെ മേല്‍വിലാസം പിന്തുടര്‍ന്നാണ് സംഘം സ്ഥലത്തെത്തിയത്. എന്നാല്‍ മഅദനി അന്‍വാര്‍ശേരിയിലാണെന്ന് കമ്മീഷണര്‍ അറിയിക്കുകയായിരുന്നു. കൊല്ലം എസ് പിയുമായി സംഘം ചര്‍ച്ച നടത്തും.

മഅദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്താനാണ് സംഘം കേരളത്തിലെത്തിയതെന്നും സൂചനയുണ്ട്. സംഘം ഡി ജി പി ജേക്കബ് പുന്നുസുമായും ഐ ജി ഹേമചന്ദ്രനുമായും ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം സാഹചര്യം അനുകൂലമാണെങ്കില്‍ ഇപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്നാണ് റി്‌പ്പോര്‍ട്ട്.

അതിനിടെ മഅദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസിന് എല്ലാ സഹായവും ചെയ്യുമെന്ന് ഡി ജി പി ജേക്കബ് പുന്നൂസ് പറഞ്ഞു. കര്‍ണാടക പോലീസ് ഇതുുവരെ സഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ല.അറസ്റ്റ് ഏതുസാഹചര്യത്തില്‍ എപ്പോള്‍ വേണമെന്ന് കേരള-കര്‍ണാടക പോലീസുകള്‍ ചര്‍ച്ച ചെയ്യും. ദിവസം തോറും നിരവധി അറസ്റ്റുകള്‍ നടക്കാറുണ്ട്. അതുപോലൊരു അറസ്റ്റാണിതെന്നും ഡി ജി പി അഭിപ്രായപ്പെട്ടു.

പ്രത്യേക അന്വേഷണസംഘം കേരളത്തിലെത്തിയത് അന്‍വാര്‍ശേരിയില്‍ ഉത്കണ്ഠ പടര്‍ത്തിയിട്ടുണ്ട്. പി ഡി പി നേതാക്കളും പ്രവര്‍ത്തകരും അന്‍വാര്‍ശേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മഅദനിക്കെതിരെയുള്ള കള്ളക്കേസില്‍ പ്രതിഷേധിച്ച് അന്‍വാറുശ്ശേരിയില്‍ നടത്തവന്ന നിരാഹാര സമരം ഇന്നലെ നിര്‍ത്തിവെച്ചിരുന്നു. റംസാന്‍ പ്രമാണിച്ച് മഅദനിയുടെ നിര്‍ദേശപ്രകാരമാണ് സമരം നിര്‍ത്തിയത്.