ശാസ്താംകോട്ട: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി അന്‍വാര്‍ശ്ശേരിയിലെത്തി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 12.40ഓടെയാണ് മഅദനി അന്‍വാര്‍ശ്ശേരിയിലെത്തിയത്.

Ads By Google

വന്‍ ജനക്കൂട്ടമായിരുന്നു മഅദനിയെ കാണാനായി അന്‍വാര്‍ശ്ശേരിയില്‍ തടിച്ചുകൂടിയത്. അദ്ദേഹത്തെ ഷാള്‍ അണിയിച്ചതിന് ശേഷം യത്തീംഖാനയിലെ കുട്ടികള്‍ ദഫ് മുട്ടോട് കൂടിയാണ് സ്വീകരിച്ചത്.

ഇവിടത്തെ മസ്ജിദില്‍ മധ്യാഹ്ന, സായാഹ്ന നമസ്‌കാരങ്ങളും പ്രാര്‍ഥനകളും നിര്‍വഹിച്ചശേഷം വൈകുന്നേരം അഞ്ചോടെ കൊല്ലം അസീസിയ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മടങ്ങും.

മഅദനിക്കൊപ്പം നമസ്‌കരിക്കാന്‍ നിരവധി പേര്‍ എത്തിയതിനാല്‍ വന്‍ സുരക്ഷാക്രമീകരണമാണ് അന്‍വാര്‍ശ്ശേരിയില്‍ പൊലീസ് ഏര്‍പ്പാടാക്കിയിരിക്കുന്നത്.

പക്ഷാഘാതം വന്ന് ശയ്യവലംബിയായ പിതാവ് ടി.എ. അബ്ദുസ്സമദ് മാസ്റ്ററെയും ശ്വാസകോശരോഗം ബാധിച്ച മാതാവ് അസ്മാബീവിയെയും കാണാനാണ് മഅദനിയെ അന്‍വാര്‍ശ്ശേരിയിലെത്തിയത്.

മഅദനിയെ കാണാനെത്തുന്നവരുടെ തിരക്ക് നിയന്ത്രണാതീതമാകുമെന്നതിനാല്‍ അദ്ദഹത്തേിന്റെ കുടുംബവീടായ തോട്ടുവാല്‍ മന്‍സിലില്‍ എത്തി മാതാപിതാക്കളെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുകയായിരുന്നു.