ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ബാംഗ്ലൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ രാജ്യസഭാ എം.പി മുഹമ്മദ് ഹബീബ് പറഞ്ഞു. ഇന്ന് ജയിലില്‍ മഅദനിയെ സന്ദര്‍ശിച്ച ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Ads By Google

ശരീരം മുഴുവന്‍ നീര് ബാധിച്ചിരിക്കുകയാണ്. പ്രമേഹം കിഡ്‌നിയിലേക്ക് ബാധിച്ചതിനാലായിരിക്കും ഇതെന്നാണ് സംശയം. ശരീരത്തിന്റെ പല ഭാഗത്തും വ്രണങ്ങള്‍ വ്യാപകമായി കാണുന്നുണ്ട്.

ഒരു മാസം മുന്‍പ് മഅദനിയുടെ ഒരു മൂക്കിനുള്ളില്‍ വ്രണം വന്നതിനെ തുടര്‍ന്ന് സര്‍ജറി നടത്തിയിരുന്നു. അത് ഭേദമാകുന്നതിന് മുന്‍പ് തന്നെ മറ്റേ മൂക്കിലും പഴുപ്പ് ബാധിച്ച് വ്രണം വന്നു. അതും സര്‍ജറി ചെയ്തു. ഇപ്പോള്‍ മുക്കിന്റെ ഭാഗം മുഴുവന്‍ കെട്ടിവെച്ച അവസ്ഥയിലാണ് ഇപ്പോഴും ഉള്ളത്.

അതിന് പുറമെ അദ്ദേഹത്തിന്റെ മുറിച്ചുമാറ്റിയ കാലിന് മുകളിലോട്ട് ഇപ്പോള്‍ സ്പര്‍ശനം തീരെ അറിയുന്നില്ല. നാഡീ സംബന്ധമായി പ്രതികരണം ഇല്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

കഴുത്തിനും പുറത്തിനും അസഹനീയമായ വേദന ഇപ്പോള്‍ ഉണ്ട്. മുന്‍പെ ചികിത്സിച്ചിരുന്ന സ്‌പോണ്ടിലോസിസിന് ഇപ്പോള്‍ യാതൊരു വിധ ചികിത്സയും ലഭിക്കുന്നില്ല. വേദന അസഹനീയമായതിനാല്‍ തന്നെ കിടക്കാനും മറ്റും അങ്ങേയറ്റം വിഷമത്തിലാണ്.

മഅദനിക്ക് വിദഗ്ധ പരിശോധന നടത്തിയാല്‍ മാത്രമേ അദ്ദേഹത്തിന്റെ ശരീരത്തിലെ ഏതൊക്കെ ഭാഗത്ത് എന്തെല്ലാം അസുഖങ്ങള്‍ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാവുകയുള്ളു.

ഒരു പക്ഷേ ഈ ഒരു സാഹചര്യം കണക്കിലെടുത്താവാം കോടതി ഇന്ന് ഇദ്ദേഹത്തെ ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ഉത്തരവിട്ടത്.

ആശുപത്രിയില്‍ തനിയ്ക്ക് സഹായിയെ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അനുവദിച്ചിരുന്നില്ല. പിന്നീട് ഇപ്പോള്‍ ചികിത്സയിലുള്ള ആശുപത്രിയില്‍ മെയില്‍ നഴ്‌സ് ഇല്ലെന്ന കാരണത്തിലാണ് ചികിത്സാ സമയത്ത് രണ്ട് ബന്ധുക്കളെ കൂടെ നിര്‍ത്താന്‍ കോടതി അനുമതി നല്‍കിയത്. ഒരു മാസം ഭാര്യയെയും മകനേയും കൂടെ നിര്‍ത്താനാണ് കോടതി ഉത്തരവിട്ടത്.

യു.പിയില്‍ നിന്നുള്ള രാജ്യസഭാംഗമായ മുഹമ്മദ് ഹബീസ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കോളിന്‍ ഗോണ്‍സാല്‍ബസ് തെഹല്‍ക്കയിലെ അജിത് സാഹി, സോമാ ചൗധരി തുടങ്ങിയവര്‍ മഅദനിയെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

മഅദനിയുടെ അഭിഭാഷകന്‍ ഉസ്മാന്‍, രാജ്യസഭാംഗമായ മുഹമ്മദ് ഹബീബ്, പ്രൊഫ.രാംദാസ് റാവു, ടി. ആരിഫലി, പി.ഐ. നൗഷാദ് തുടങ്ങിയവര്‍ ബാംഗ്ലൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ പങ്കെടുത്തു.