എഡിറ്റര്‍
എഡിറ്റര്‍
മഅദനിയെ ആശുപത്രിയിലേക്ക് മാറ്റി
എഡിറ്റര്‍
Monday 7th January 2013 2:12pm

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര  ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ ആശുപത്രിയിലേക്ക് മാറ്റി.

Ads By Google

ബാംഗ്ലൂര്‍ വൈറ്റ് ഫീല്‍ഡിലുള്ള സൗഖ്യ ആയുര്‍വേദ ഹോസ്പിറ്റലിലേക്കണ് മദനിയെ മാറ്റിയത്. മഅദനിക്കൊപ്പം മകനാണ് ഇപ്പോള്‍ ആശുപത്രിയില്‍ നില്‍ക്കുന്നത്.

പരപ്പന അഗ്രഹാര സെഷന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് മഅദനിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് കാണിച്ച് മഅദനി കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് നിര്‍ദേശം.

മഅദനിക്ക് ഇപ്പോള്‍ എല്ലാ സഹായവും ചെയ്തുകൊടുക്കുന്ന സഹതടവുകാരനെ ആശുപത്രിയില്‍ കൂടെ നില്‍ക്കാന്‍ അനുവദിക്കില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചതോടെയാണ് മഅദനി വിചാരണ കോടതിയെ സമീപിച്ചത്.

മഅദനിയുടെ കാഴ്ച പൂര്‍ണമായി മങ്ങിയെന്നും വീല്‍ചെയറിനെ പൂര്‍ണമായി ആശ്രയിച്ചാണ് നീങ്ങുന്നതെന്നും ഹൃദ്രോഗബാധിതനാണെന്നും അതിനാല്‍ സഹായി അത്യാവശ്യമാണെന്നും അഡ്വ. പി. ഉസ്മാന്‍ കഴിഞ്ഞദിവസം കോടതിയെ ധരിപ്പിച്ചിരുന്നു.

എന്നാല്‍ സഹായിയെ അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

സൗഖ്യ ഹോളിസ്റ്റിക് ആന്‍ഡ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സെന്ററിലാണ് മഅദനിക്ക് ചികില്‍സ നല്‍കുന്നത്. 2011ല്‍ ഇവിടെ ചികിത്സസിച്ചപ്പോള്‍ മലയാളിയായ സഹതടവുകാരനെ സഹായിയായി അനുവദിച്ചിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കാമെന്ന് അറിയിച്ച്  ജയില്‍ സൂപ്രണ്ട് ശനിയാഴ്ചയും മഅദനിയെ സമീപിച്ചു. സഹായി ഇല്ലാതെ പോകാനാവില്ലെന്ന നിലപാട് മഅദനി ആവര്‍ത്തിച്ചെങ്കിലും അദ്ദേഹത്തെ ചികിത്സിക്കുന്ന സൗഖ്യ ആശുപത്രിയില്‍ സഹായി ഉണ്ടാകുമെന്ന നിലപാടാണ് ജയില്‍ സൂപ്രണ്ട് സ്വീകരിച്ചത്.

മഅദനിയുടെ ആരോഗ്യനില ഗുരുതരമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

മഅദനിക്ക് ചികിത്സ നിഷേധിക്കുന്ന വിഷയം സംസ്ഥാനത്ത് അടുത്തിടെ രാഷ്ട്രീയ വിവാദമായിരുന്നു. തനിക്ക് വിദഗ്ധ ചികിത്സ നല്‍കിയതായി തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ട് ഹാജരാക്കി കര്‍ണാടക സര്‍ക്കാര്‍ കോടതിയെ കബളിപ്പിക്കുകയാണെന്ന് ജയിലിലെത്തിയ സന്ദര്‍ശകര്‍ വഴി പുറത്തുവിട്ട പ്രസ്താവനയില്‍ മഅദനിയും ആരോപിച്ചിരുന്നു.

Advertisement