ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിക്കെതിരായ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകയടക്കം അഞ്ചുപേര്‍ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു.

മഅദനിയെ ലാക്കേരി എസ്‌റ്റേറ്റില്‍ കണ്ടുവെന്ന് മൊഴികൊടുത്ത റഫീഖിനേയും യോഗാനന്ദനേയും ഭീഷണിപ്പെടുത്തി പിന്‍മാറ്റാന്‍ ശ്രമിച്ചു എന്ന ആരോപിച്ചാണ് കേസ്. ഏഷ്യാനെറ്റ് ന്യൂസിന്റെ മുന്‍ലേഖികയും ഇപ്പോള്‍ തെഹല്‍ക മാസികയുടെ കേരളത്തിലെ പ്രതിനിധിയുമായ ഷാഹിനയ്ക്കും കണ്ടാലറിയാവുന്ന മറ്റുനാലുപേര്‍ക്കുമെതിരെയാണ് കേസ്.

സ്‌ഫോടനക്കേസില്‍ പ്രതിയായി ഇപ്പോള്‍  ബാംഗ്ലൂര്‍ പരപ്പരന അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിക്കെതിരെയുള്ള സാക്ഷികളാണ് റഫീഖും യോഗാനന്ദനും.

ഒപ്പമുള്ള നാലുപേര്‍ കോഴിക്കോടുള്ള പി.ഡി.പി പ്രവര്‍ത്തകരാണെന്ന് സംശയമുണ്ടെന്നാണ് ബാംഗ്ലൂര്‍ സിറ്റി പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സാക്ഷികളുടെ പരാതി പ്രകാരമാണോ കേസ് എന്നതിനെക്കുറിച്ച് മറുപടി പറയാന്‍ കര്‍ണാടക പോലീസ് തയാറായിട്ടില്ല.

മദനിക്കെതിരെ കര്‍ണാടക പോലീസ് മുഖ്യസാക്ഷിയായി അവതരിപ്പിക്കാനിരുന്ന ജോസ് വര്‍ഗീസിന്റെ അഭിമുഖം ഷാഹിന തെഹല്‍കയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ കര്‍ണാടക പോലീസ് ജോസ് വര്‍ഗീസിനെ കള്ള സാക്ഷിയാകാന്‍ പ്രേരിപ്പിക്കുകയാണെന്ന് ജോസ് പറഞ്ഞിരുന്നു. (ബാംഗ്ലൂര്‍ സ്‌ഫോടനം കര്‍ണാടക പോലീസിനെതിരെ മുഖ്യസാക്ഷി). ഇത് പുറത്തുകൊണ്ടുവന്നതിന്റെ പകപോക്കലാണ് ഷാഹിനയ്‌ക്കെതിരെയുള്ള കേസെന്നാണ് സൂചന.

സ്‌ഫോടനപരമ്പരക്കേസിന്റെ വിചാരണ ഒരുമാസത്തിനുള്ളില്‍ ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ തുടങ്ങും. ഈ സാഹചര്യത്തില്‍ ഷാഹിനയെ കുടുക്കാനുള്ള ശ്രമമാണ് യദ്യൂരപ്പ നയിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.