കോഴിക്കോട്: തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അബ്ദുന്നാസര്‍ മഅദനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത് അറസ്റ്റ് ഒഴിവാക്കാനുള്ള നിര്‍ണായകമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. കേസില്‍ സംസ്ഥാന സര്‍ക്കാറിനെ കക്ഷി ചേര്‍ക്കാന്‍ മഅദനി ആവശ്യപ്പെട്ടതും തനിക്കെതിരെയുള്ള ആരോപണങ്ങളെ ഖണ്ഡിക്കുന്നതിന് വേണ്ടിയാണ്.

മഅദനി കുടകില്‍ തടയിന്റിവിടെ നസീറുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രോസിക്യൂഷന്‍ ആരോപണത്തെ മറികടക്കാന്‍ സര്‍ക്കാറിനെ കക്ഷി ചേര്‍ത്തതിലൂടെ കഴിയുമെന്നാണ് മഅദനിയുടെ നിയമ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. ജയില്‍ മോചിതമായ ശേഷം മഅദനിയുടെ യാത്രാ രേഖകള്‍ സര്‍ക്കാറിന് കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയും.

കുറ്റപത്രത്തില്‍ മഅദനിയെ പ്രതി ചേര്‍ക്കുന്നതിനാവശ്യമായ തെളിവുകളില്ലെന്ന് കണ്ടെത്താന്‍ കഴിയുകയാണെങ്കില്‍ കോടതിക്ക് കുറ്റപത്രം റദ്ദ് ചെയ്യാന്‍ കഴിയും. കുറ്റപത്രത്തില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് മഅദനി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. ഇക്കാര്യം അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിക്കും.

എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്‌ളിയ സമയത്ത് കോടതി നടത്തിയ നിരീക്ഷണം മഅദനിയുടെ വാദം വിചാരണ വേളയില്‍ പരിഗണിക്കാമെന്നാണ്.

ബംഗളൂരു സ്‌ഫോടനക്കേസില്‍ ഗൂഢാലോചന നടത്താന്‍ നിയമവിരുദ്ധമായി സംഘംചേര്‍ന്നുവെന്ന് ആരോപിച്ചാണു രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നതെന്നും ഇത്തരം കുറ്റം ചാര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും മുന്‍കൂര്‍ അനുമതി വേണമെന്നും ഇത്തരത്തിലുള്ള മുന്‍കൂര്‍ അനുമതിയില്ലാതെയാണു തന്നെ പ്രതിചേര്‍ത്തതെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു. കെട്ടിച്ചമച്ച തെളിവുകളുടെയും പൊലീസ് ആസൂത്രണം ചെയ്ത സാക്ഷിമൊഴികളുടെയും പശ്ചാത്തലത്തിലാണു കേസില്‍ പ്രതിയാക്കിയതെന്നും ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്. മഅദനിയുടെ ഹരജി തിങ്കളാഴ്ച പരിഗണിക്കും.