എഡിറ്റര്‍
എഡിറ്റര്‍
മഅദനിക്ക് ചികിത്സ നിഷേധിച്ചതായി മെഡിക്കല്‍ റിപ്പോര്‍ട്ട്
എഡിറ്റര്‍
Thursday 3rd January 2013 1:04pm

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ തടവില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് ചികിത്സ നിഷേധിച്ചതായി മെഡിക്കല്‍ റിപ്പോര്‍ട്ട്.

Ads By Google

പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലാണ് വീഴ്ച ചൂണ്ടിക്കാട്ടിയത്. റിപ്പോര്‍ട്ട് പരപ്പന സെഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

മഅദനിക്ക് പ്രമേഹത്തിന് തുടര്‍ ചികിത്സ നല്‍കിയില്ലെന്നും കര്‍ണാടക ഇന്‍സ്റ്റിറ്റിയൂട്ട് ഡയബറ്റോളജിയിലും മഅദനിക്ക് ചികിത്സ നിഷേധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2 മാസത്തിന് ശേഷം നല്‍കേണ്ട ചികിത്സ മഅദനിക്ക് നല്‍കിയത് 7 മാസത്തിന് ശേഷമാണ്. ഡോക്ടര്‍ ചികിത്സ ആവശ്യപ്പെട്ട് കത്തെഴുതിയിട്ടും പരിഗണിച്ചില്ല.

സൗഖ്യ ആയുര്‍വേദ ആശുപത്രിയിലും ചികിത്സ നിഷേധിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത് തുടര്‍ ചികിത്സ നിഷേധിച്ചതിനാലാണ്. പ്രത്യേക അന്വേഷണ സംഘം നടത്തിയ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.

താന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന രോഗങ്ങള്‍ക്ക് അര്‍ഹമായ യാതൊരു ചികിത്സയും നല്‍കാതെ നിരന്തരം കോടതികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്ന ജയിലധികൃതരും കര്‍ണാടക സര്‍ക്കാരും ഇപ്പോള്‍ കേരള സര്‍ക്കാരിനേയും കേരളത്തിലെ ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കാണിച്ച് മഅദനി ഒരു തുറന്ന് കത്ത് എഴുതിയിരുന്നു.

തനിക്ക് ‘എല്ലാ ചികിത്സയും യഥാസമയം നല്‍കി’ എന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് ബംഗളൂരു ജയിലധികൃതരും സര്‍ക്കാറും ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഈ വസ്തുത ചികിത്സക്കായി ജാമ്യത്തിനുവേണ്ടി ഞാന്‍ കോടതിയെ സമീപിച്ചപ്പോള്‍ അവര്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ തന്നെ മനസ്സിലാക്കാവുന്നതാണെന്നും മഅദനി കത്തില്‍ പറയുന്നുണ്ട്.

പലപ്പോഴും തന്റെ നിര്‍ബന്ധത്തിന് വഴങ്ങി ചില ആശുപത്രികളില്‍  കൊണ്ടുപോയിട്ട് ഡോക്ടര്‍മാര്‍ ഇല്ലെന്ന കാരണം പറഞ്ഞ് പോലീസ് വാഹനത്തില്‍ നിന്ന് പുറത്തിറക്കുക പോലും ചെയ്യാതെ തിരിച്ചുകൊണ്ടുവന്നിട്ടുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് രേഖപ്പെടുത്തിയിരിക്കുന്നത് ആ ദിവസങ്ങളിലും വിദഗ്ധ ചികിത്സ നല്‍കിയെന്നാണ് കാണിക്കുന്നതെന്നും മഅദനി പറയുന്നു.

രോഗങ്ങള്‍ മൂര്‍ച്ഛിച്ചാല്‍പോലും ആശുപത്രിയില്‍ കൊണ്ടുപോകാതിരിക്കുക, കൊണ്ടുപോയാല്‍ത്തന്നെ നൂറുകണക്കിന് പൊലീസുകാരെക്കൊണ്ട് ആശുപത്രിയിലും പരിസരത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ശരിയായ നിലയിലുള്ള പരിശോധന പോലും നടത്താതെ തിരിച്ചുകൊണ്ടുവന്ന ശേഷം വിദഗ്ധ ചികിത്സ നല്‍കി എന്ന രേഖകള്‍ ഉണ്ടാക്കുക തുടങ്ങിയവ ഇവിടെ താന്‍ നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

Advertisement