Categories

മഅദനിക്ക് ചികിത്സാ വേളയില്‍ ഭാര്യയേയും മകനെയും ഒപ്പം നിര്‍ത്താമെന്ന് കോടതി

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ചികിത്സാവേളയില്‍ ഭാര്യയെയും മകനെയും ഒപ്പം നിര്‍ത്താമെന്ന് ബാംഗ്ലൂരിലെ പ്രത്യേക വിചാരണ കോടതി ഉത്തരവിട്ടു.

Ads By Google

മഅദനിയെ എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റണമെന്നും ചികിത്സാ കാലാവധി കഴിയുന്നതുവരെ ഭാര്യ സൂഫിയ മഅദനിക്കും മകന്‍ ഉമര്‍ മുഖ്താറിനും മഅദനിയോടൊപ്പം നിര്‍ത്താമെന്നും കോടതി ഉത്തരവിട്ടു.

ആശുപത്രിയില്‍ സഹായിയെ നിര്‍ത്തുന്നത് സംബന്ധിച്ച് മഅദനി നല്‍കിയ അപേക്ഷയിലാണ് പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതി ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസ് അനുകൂല വിധി പറഞ്ഞത്.

മഅദനിക്ക് ഇപ്പോള്‍ എല്ലാ സഹായവും ചെയ്തുകൊടുക്കുന്ന സഹതടവുകാരനെ ആശുപത്രിയില്‍ കൂടെ നില്‍ക്കാന്‍ അനുവദിക്കില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചതോടെയാണ് മഅദനി വിചാരണ കോടതിയെ സമീപിച്ചത്.

മഅദനിയുടെ കാഴ്ച പൂര്‍ണമായി മങ്ങിയെന്നും വീല്‍ചെയറിനെ പൂര്‍ണമായി ആശ്രയിച്ചാണ് നീങ്ങുന്നതെന്നും ഹൃദ്രോഗബാധിതനാണെന്നും അതിനാല്‍ സഹായി അത്യാവശ്യമാണെന്നും അഡ്വ. പി. ഉസ്മാന്‍ കഴിഞ്ഞദിവസം കോടതിയെ ധരിപ്പിച്ചിരുന്നു.

എന്നാല്‍ സഹായിയെ അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. തുടര്‍ന്ന് വിധി പറയുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

സൗഖ്യ ഹോളിസ്റ്റിക് ആന്‍ഡ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സെന്ററിലാണു ചികില്‍സ നല്‍കുന്നത്. 2011ല്‍ ഇവിടെ ചികിത്സസിച്ചപ്പോള്‍ മലയാളിയായ സഹതടവുകാരനെ സഹായിയായി അനുവദിച്ചിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കാമെന്ന് അറിയിച്ച്  ജയില്‍ സൂപ്രണ്ട് ശനിയാഴ്ചയും മഅ്ദനിയെ സമീപിച്ചു. സഹായി ഇല്ലാതെ പോകാനാവില്ലെന്ന നിലപാട് മഅദനി ആവര്‍ത്തിച്ചെങ്കിലും അദ്ദേഹത്തെ ചികിത്സിക്കുന്ന സൗഖ്യ ആശുപത്രിയില്‍ സഹായി ഉണ്ടാകുമെന്ന നിലപാടാണ് ജയില്‍ സൂപ്രണ്ട് സ്വീകരിച്ചത്.

കോടതിയുടെ ഉത്തരവ് ജയില്‍സൂപ്രണ്ടിന് നല്‍കി തിങ്കളാഴ്ചയോടെ മഅദനിയെ ആശുപത്രിയിലേക്ക് മാറ്റാനാകുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ. മഅദനിയുടെ ആരോഗ്യനില ഗുരുതരമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

മഅദനിക്ക് ചികിത്സ നിഷേധിക്കുന്ന വിഷയം സംസ്ഥാനത്ത് അടുത്തിടെ രാഷ്ട്രീയ വിവാദമായിരുന്നു. തനിക്ക് വിദഗ്ധ ചികിത്സ നല്‍കിയതായി തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ട് ഹാജരാക്കി കര്‍ണാടക സര്‍ക്കാര്‍ കോടതിയെ കബളിപ്പിക്കുകയാണെന്ന് ജയിലിലെത്തിയ സന്ദര്‍ശകര്‍ വഴി പുറത്തുവിട്ട പ്രസ്താവനയില്‍ മഅദനിയും ആരോപിച്ചിരുന്നു.

Tagged with: