ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജാമ്യം ലഭിച്ച പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനി പരപ്പന അഗ്രഹാര ജയിലില്‍ നിന്നും പുറത്തിറങ്ങി.

എന്നാല്‍ കനത്ത സുരക്ഷയില്‍ വിമാനത്താവളത്തിലെത്തിച്ച മദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകുന്നതായാണ് വിവരം. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്റെ ക്ലിയറന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് യാത്ര വൈകുന്നത്.

Ads By Google

സുരക്ഷാ ചുമതലയുള്ള ഉദ്യോസ്ഥര്‍ക്ക് ആയുധങ്ങളുമായി കയറാന്‍ അനുമതി ലഭിച്ചില്ല. ഇതോടെ 10.30ന് മദനി തിരുവനന്തപുരത്ത് എത്തില്ല.

ഇന്ന് രാവിലെ 9.15നുള്ള ഇന്‍ഡിഗോ എയര്‍വേസിലായിരുന്നു പുറപ്പെടേണ്ടിയിരുന്നത്. കര്‍ണാടക പോലീസ് വിമാനത്താവള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയാണ്.

ഇദ്ദേഹത്തിന്റെ മക്കളും അഭിഭാഷകനും ‘ജസ്റ്റീസ് ഫോര്‍ മഅദനി’ ഫോറത്തിലെ അംഗങ്ങളും മഅദനിയോടൊപ്പം ഉണ്ട്.

തിരുവനന്തപുരത്തെത്തുന്ന മഅദനിയെ നേരെ കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. അവിടെ നിന്നും മെഡിക്കല്‍ പരിശോധന നടത്തും.

ഞായറാഴ്ച്ച രാവിലെ കൊട്ടിയത്ത് നടക്കുന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കും. തിങ്കളാഴ്ച്ച അന്‍വാശേരിയില്‍ എത്തി പിതാവിനേയും കാണും. ബുധനാഴ്ച്ച ബംഗളൂരിലേക്ക് മടങ്ങും. ഇതിനിടെയില്‍ അസീസിയ മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരും.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് കഴിഞ്ഞ ദിവസമാണ് മഅദനിക്കു കര്‍ണാടക കോടതി അഞ്ചു ദിവസത്തെ ജാമ്യം ലഭിച്ചത്. മഅദനിക്കു ദക്ഷിണമേഖല എ.ഡി.ജി.പി എ. ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ മദനി രണ്ടര വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ എത്തുന്നത്. കര്‍ശന ഉപാധികളോടെയാണ് മദനിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

മകള്‍ ഷമീറയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അഞ്ച് ദിവസത്തേക്ക് സ്വന്തം ചിലവില്‍ പോലിസ് ബന്തവസ്സോടെ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നായിരുന്നു അഡ്വ. ഉസ്മാന്‍ വഴി നല്‍കിയ ഹരജിയില്‍ മഅദനി ആവശ്യപ്പെട്ടിരുന്നത്.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  കര്‍ണാടക സര്‍ക്കാരിന് കത്തയച്ചിരുന്നു.

മഅദനിക്ക് ജാമ്യം നല്‍കുന്നതിന് എതിരായി ശക്തമായ നിലപാടാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. കേരളത്തില്‍ നിരവധി അനുയായികളുള്ള നേതാവായ മഅദനിക്ക് ജാമ്യം നല്‍കിയാല്‍ പിന്നെ തിരിച്ചു വരില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദിച്ചിരുന്നത്.

ഈ കേസ്സില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ കേരള, കര്‍ണാടക പോലീസിന് ദിവസങ്ങള്‍ വേണ്ടി വന്നതായും  കേരളത്തിലേക്ക് പോയാല്‍ കേസിന്റെ വിചാരണ മുടങ്ങുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി സ്വീകരിച്ചിരുന്നില്ല.

മാര്‍ച്ച് പത്തിനാണ് മഅദനിയുടെ മകള്‍ ഷമീറ ജൗഹറയുടെ വിവാഹം നടക്കുന്നത്. ഉപ്പയെത്തുമെന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലുമാണ് താനെന്ന് ഷമീറ നേരെത്തെ പറഞ്ഞിരുന്നു.

തന്റെ ജീവിതത്തിലെ സുപ്രധാനസംഭവമാണ് വിവാഹം. അത് ഉപ്പ തന്നെ നടത്തിത്തരണമെന്നാണ് ഒരോ പെണ്‍കുട്ടിയും ആഗ്രഹിക്കുക.

ഒരു വാപ്പയെന്ന നിലയില്‍ മഅദനിക്ക് ഏറെ സന്തോഷം നല്‍കുന്ന മുഹൂര്‍ത്തമായിരിക്കും അതെന്നും അതിന് അവസരമൊരുക്കി സര്‍ക്കാറും കോടതിയും കരുണ കാണിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും ഷമീറ നേരെത്തെ പറഞ്ഞിരുന്നു.

മഅദനിയുടെ ആദ്യ ഭാര്യയായ ഷഫിന്‍സയുടെ മകളാണ് ഷമീറ. ഒരു സ്വകാര്യകമ്പനിയില്‍ മള്‍ട്ടിമീഡിയ ഡിസൈനറായി ജോലി ചെയ്യുകയാണ് ഷമീറ.

ആലുംകടവ് നമ്പരുവികാല ഷിഹാബ് മന്‍സിലില്‍ സിദ്ദീഖ്കുഞ്ഞിന്റെ മകനും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ നിസാമാണ് വരന്‍. കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തിലാണ് വിവാഹം നടക്കുന്നത്.