ചെന്നൈ: ചന്ദന കള്ളക്കടത്തുകാരന്‍ വീരപ്പനെ കുടുക്കാന്‍ പി.ഡി.പി ചെയര്‍മാന്‍ മദനി സഹായിച്ചെന്ന വാര്‍ത്ത സ്ഥിരീകരിച്ച് മുന്‍ തമിഴ്നാട് മുന്‍ ദൗത്യസേനാ തലവന്‍. തമിഴനാട് മുന്‍ ഡി.ജി.പിയും ദൗത്യസേനാ തലവനുമായിരുന്ന ആര്‍. നടരാജാണ് ഇതുസംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിച്ചത്.

കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന സമയത്ത് ദൗത്യസേന മഅദനിയുടെ സഹായം തേടിയെന്ന വാര്‍ത്തയാണ് നടരാജന്‍ സ്ഥിരീകരിച്ചത്.

വീരപ്പന്‍ കൊല്ലപ്പെടുന്ന സമയത്ത് ദൗത്യസേന തലവനായിരുന്ന കെ. വിജയകുമാര്‍ എഴുതിയ ‘വീരപ്പന്‍ ചേസിങ് ദി ബ്രിഗന്‍ഡ്’ എന്ന പുസ്തകത്തില്‍ മഅദനിയുടെ സഹായം തേടിയതു സംബന്ധിച്ച സൂചനയുണ്ടായിരുന്നു. മഅദനിയെന്നതിനു പകരം ‘ദമനി’ എന്ന പേരാണ് വിജയകുമാര്‍ ഉപയോഗിച്ചത്.


Also Read: ‘ബാലന്‍ ചേട്ടനല്ല ഇനി ഞാന്‍ മുരുകനാണ്’; ‘മുരുകന്‍ യഥാര്‍ത്ഥത്തില്‍ താന്‍ തന്നെയാണെന്നാണ് എനിക്ക് തോന്നിയത്’: മണികണ്ഠന്‍


ദമനി എന്ന പേരില്‍ പരാമര്‍ശിക്കുന്നത് മഅദനിയെയാണെന്ന് മാതൃഭൂമി ന്യൂസ് നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ വിജയകുമാര്‍ അക്കാര്യം വിശദീകരിക്കാന്‍ തയ്യാറായിരുന്നില്ല. ദമനി മഅദനി തന്നെയാണോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇക്കാര്യം നടരാജന്‍ സ്ഥിരീകരിക്കുകയായിരുന്നു.

ഇത് പറയുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് നടരാജന്റെ പക്ഷം. ഇപ്പോഴത്തെ നോര്‍ത്ത് സോണ്‍ എഡിജിപി ചെന്താമരൈകണ്ണനോടൊപ്പം പലതവണ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോയിട്ടുണ്ട്. വീരപ്പനെ കുടുക്കുക എന്നത് പ്രധാന ലക്ഷ്യമായി അന്നത്തെ മുഖ്യമന്ത്രിയും എടുത്തിരുന്നു. അതുകൊണ്ടാണ് മദനിയെ ജയിലില്‍ വച്ച് കാണാനും ചര്‍ച്ച നടത്താനും സാധിച്ചതെന്നും നടരാജന്‍ പറയുന്നു.

കോയമ്പത്തൂര്‍ ജയിലില്‍ മഅദനിയുടെ സെല്ലിന് തൊട്ടടുത്തായിരുന്നു വീരപ്പന്റെ സഹോദരന്‍ മാതയ്യന്‍ ഉണ്ടായിരുന്നത്. മഅദനി വഴി മാതയ്യനെ സ്വാധീനിക്കാന്‍ ദൗത്യസംഘം ശ്രമിക്കുകയും ഇത് വിജയം കാണുകയുമായിരുന്നു.

ശ്രീലങ്കന്‍ തമിഴര്‍ എന്ന പേരില്‍ ധര്‍മ്മപുരി സ്വദേശി വെങ്കിടേഷ് അടക്കം കുറച്ചുപേരെ വീരപ്പന്റെ സംഘത്തിലെത്തിക്കുകയും വെങ്കിടേഷ് കണ്ണുചികിത്സയ്ക്ക് എന്ന പേരില്‍ വീരപ്പനെ കാട്ടില്‍ നിന്ന് ഇറക്കുകയുമായിരുന്നു. തുടര്‍ന്ന് വിജയകുമാറും സംഘവും വാഹനത്തിനുള്ളില്‍വെച്ച് വീരപ്പനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.