മഅദനിക്ക് പനിയും ശ്വാസ തടസവും

കൊല്ലം: കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയെ വിദഗ്ധ സംഘം പരിശോധിച്ചു. ഭരണിക്കാവ് പത്മാവതി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍മാര്‍ മൊബൈല്‍ ഐ സി യു സഹിതം എത്തിയാണ് മഅ്ദനിയെ പരിശോധിച്ചത്.

നേരത്തെ പനി ബാധിതനും ക്ഷീണിതനുമായ മഅദനിക്ക് ചൊവ്വാഴ്ച രാത്രി 11യോടെയാണ് കടുത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഡോക്ടര്‍മാരെ അന്‍വാര്‍ശ്ശേരിയിലേക്ക് വരുത്തുകയായിരുന്നു. 11.50 ഓടെ ഡോക്ടര്‍മാര്‍ മടങ്ങി. ആശുപത്രിയില്‍ കിടത്തി ചികില്‍സക്ക് വിധേയനാകണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും മഅദനി വിസമ്മതിച്ചു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രി പരിശോധന നടത്തുമ്പോള്‍ 457 ആയിരുന്നു രക്തത്തിലെ പഞ്ചസാരയുടെ അളവ്.

എന്നാല്‍ ആശുപത്രിയില്‍ അഡിമിറ്റാകണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം മഅദനി അംഗീകരിച്ചില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശുപത്രിയില്‍ അഡ്മിറ്റായാല്‍ അത് മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെടുമെന്ന് മഅദനി ഡോക്ടര്‍മാരോടും അനുയായികളോടും പറഞ്ഞു.