ബാംഗ്ലൂര്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅദനിക്ക് കാഴ്ച മങ്ങിക്കൊണ്ടിരിക്കയാണെന്ന് സഹോദരന്‍ ജമാല്‍. ജയിലിലെ സെല്ലിലുള്ള തീവ്രപ്രകാശമുള്ള ലൈറ്റാണ് കാഴ്ച ശക്തി കുറയാന്‍ ഇടയാക്കിയതെന്ന് അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു. ‘ ആരോഗ്യപരമായി മഅദനി വളരെയധികം ക്ഷീണിതനാണ്. അദ്ദേഹത്തിന്റെ സെല്ലില്‍ ഹൈവോള്‍ട്ടേജുള്ള രണ്ട് ട്യൂബ് ലൈറ്റുകള്‍ 24 മ ണിക്കൂറും പ്രകാശിക്കുകയാണ്. നേരത്തെ തന്നെ ഡയബറ്റിസ് രോഗിയായ മഅദനിക്ക് ഉറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് 650ല്‍ കൂടുതലായിരുന്നു. ഇത് ഇടത് കണ്ണിന്റെ റെറ്റിനയെ ബാധിച്ചിട്ടുണ്ട്. ഇടത് കണ്ണിന്റെ കാഴ്ച മങ്ങിക്കൊണ്ടിരിക്കയാണ്. നേരിയ കാഴ്ച മാത്രമേ ഇപ്പോള്‍ ഉള്ളൂ’- ജമാല്‍ വ്യക്തമാക്കി.

കാഴ്ച കുറയുന്നതായി അനുഭവപ്പെട്ട മഅദനി ജയില്‍ അധികൃതരെ ഇക്കാര്യം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാംഗ്ലൂര്‍ നിംഹാന്‍സില്‍ പരിശോധന നടത്തിയപ്പോള്‍ അടിയന്തിരമായി വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കയാണ്. എന്നാല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ജയില്‍ അധികൃതരോ സര്‍ക്കാരോ തയ്യാറായിട്ടില്ല.

ജയിലില്‍ മറ്റ് തടവുകാരുടെ സെല്ലിലൊന്നും ഇത്തരത്തില്‍ ട്യൂബ് ലൈറ്റുകള്‍ പ്രകാശിക്കുന്നില്ല. അദനിയുടെ മുഴുവന്‍ ചലനങ്ങളും നിരീക്ഷിക്കാന്‍ സെല്ലില്‍ ക്യമാറയുണ്ട്. ക്യാമറക്ക് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വേണ്ടിയാണ് ലൈറ്റ് സ്ഥാപിച്ചതെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍ ഹൈവോള്‍ട്ടേജ് കുറച്ചുകൊണ്ട് മഅദനിയുടെ ഉറക്കിന് തടസ്സമുണ്ടാക്കാത്ത രീതിയില്‍ സംവിധാനമൊരുക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല.

വിവിധ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമുള്ള പ്രതിയാണെന്ന് പറഞ്ഞാണ് മഅദനിയുടെ സെല്ലില്‍ ഇത്തരത്തില്‍ ക്യാമയും ട്യൂബ് ലൈറ്റും സ്ഥാപിച്ചതെന്ന് ജമാല്‍ വ്യക്തമാക്കി. ട്യൂബ് ലൈറ്റിട്ട് പീഡിപ്പിക്കുന്നതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് കമ്മീഷന്‍ കര്‍ണ്ണാടക സര്‍ക്കാറിന് നോട്ടീസ് നല്‍കിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. പിന്നീട് റിമൈന്‍ഡര്‍ അയച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല.

അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് നല്‍കാറുള്ള മരുന്നുകള്‍ മാത്രമാണ് ഇപ്പോള്‍ മഅദനിക്ക് നല്‍കുന്നത്. ഇത് ആഴ്ചയിലൊരിക്കല്‍ ബന്ധുക്കള്‍ ജയിലില്‍ പോയി കൈമാറുന്നുണ്ട്. നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ മഅദനിക്ക് ആവശ്യമായ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരത്തില്‍ ചികിത്സ നല്‍കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

നേരത്തെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന് തലേ ദിവസം മഅദനിയെ വിദഗ്ധ ചികിത്സക്കെന്ന് പറഞ്ഞ് ഒരു ആശുപത്രിയില്‍ കൊണ്ട് പോയിരുന്നു. എന്നാല്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ആശുപത്രിയില്‍ നിന്നതല്ലാതെ പരിശോധനയൊന്നും നടന്നില്ല. മഅദനിക്ക് ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍ ശ്രമമെന്ന് ജമാല്‍ പറയുന്നു.

മഅദനിക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തിനായി രൂപീകരിച്ച ജസ്റ്റിസ് ഫോറം ഫോര്‍ മഅദനിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ കേസ് നടപടികള്‍ പുരോഗമിക്കുന്നത്. ഇതിനായി നടത്തിയ ബക്കറ്റ് പിരിവില്‍ നിന്ന് ലഭിച്ച തുകയാണ് ചെലവഴിക്കുന്നത്. ഹൈക്കോടതിയും ഇപ്പോള്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കയാണ് ഇവര്‍. അതിനായി രാംജഠ്മലാനി, സുശീല്‍ കുമാര്‍ തുടങ്ങിയ പ്രമുഖ അഭിഭാഷകരെ ലഭ്യമാകുമോ എന്ന് അന്വേഷിക്കുന്നുണ്ട്. പി.ഡി.പിയിലെ അഭ്യന്തരപ്രശ്‌നങ്ങള്‍ മഅദിനയുടെ മോചനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.