കൊല്ലം: ജാമ്യ അവധി അവസാനിച്ച പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി ഇന്ന്  ജയിലിലേക്ക് തിരിക്കും.[innerad]

കൊല്ലം അസീസിയ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം ഇന്ന് ഒരുമണിയോടെ ആശുപത്രി വിടും.

5.45 നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് അദ്ദേഹം ബാംഗ്ലൂരിലേക്ക് യാത്ര തിരിക്കുക.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ആരോപണവിധേയനായി കര്‍ണ്ണാടക ജയിലില്‍ കഴിയുന്ന അദ്ദേഹം  ജാമ്യം ലഭിച്ച് ഈ മാസം 9നാണ് കേരളത്തിലെത്തിയത്.

മകള്‍ ഷമീറയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അഞ്ച് ദിവസത്തേക്ക് സ്വന്തം ചിലവില്‍ പോലിസ് ബന്തവസ്സോടെ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നായിരുന്നു അഡ്വ. ഉസ്മാന്‍ വഴി നല്‍കിയ ഹരജിയില്‍ മഅദനി ആവശ്യപ്പെട്ടിരുന്നത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

പ്രവര്‍ത്തകരുമായോ നേതാക്കളുമായോ സംസാരിക്കുകയോ, സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്യരുത് തുടങ്ങിയ നിരവധി വ്യവസ്ഥകളോടെയാണ് അദ്ദേഹത്തിന് ജാമ്യം നല്‍കിയത്.

മഅദനിക്ക് ദക്ഷിണമേഖല എ.ഡി.ജി.പി എ. ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷാ സംവിധാനമായിരുന്നു  ഒരുക്കിയിട്ടുള്ളത്.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ മഅദനി രണ്ടര വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ എത്തുന്നത്.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും  കര്‍ണാടക സര്‍ക്കാരിന് കത്തയച്ചിരുന്നു.

മഅദനിക്ക് ജാമ്യം നല്‍കുന്നതിന് എതിരായി ശക്തമായ നിലപാടാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. കേരളത്തില്‍ നിരവധി അനുയായികളുള്ള നേതാവായ മഅദനിക്ക് ജാമ്യം നല്‍കിയാല്‍ പിന്നെ തിരിച്ചു വരില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്‍ പ്രധാനമായും വാദിച്ചിരുന്നത്.

ഈ കേസ്സില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ കേരള, കര്‍ണാടക പോലീസിന് ദിവസങ്ങള്‍ വേണ്ടി വന്നതായും  കേരളത്തിലേക്ക് പോയാല്‍ കേസിന്റെ വിചാരണ മുടങ്ങുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.