കൊല്ലം: അബ്ദുള്‍ നാസര്‍ മഅദനിയെ അറസ്റ്റ് ചെയ്യുന്നതിനായി ബാംഗ്ലൂര്‍ പോലീസിലെ ഉന്നതതലസംഘം കൊല്ലത്തെത്തി. ബാംഗ്ലൂര്‍ സിറ്റിപോലീസ് ജോ. കമ്മീഷണര്‍ അലോക് കുമാര്‍, ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഓംകാരയ്യ എന്നിവരടങ്ങിയ സംഘമാണ് കൊല്ലത്തെത്തിയത്. കൊല്ലം എസ് പി ഹര്‍ഷിത അട്ടല്ലൂരിയുമായി സംഘം ചര്‍ച്ച നടത്തുകയാണ്. മഅദനിയുടെ അറസ്റ്റ് ഉടനേ ഉണ്ടായേക്കാമെന്നാണ് സൂചന.

ഇന്നുരാവിലെ എത്തിയസംഘം തിരുവനന്തപുരത്തെത്തി ഡി ജി പിയുമായി ചര്‍ച്ചചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സംഘം കൊല്ലത്തെത്തി ഐ ജി ഹേമചന്ദ്രന്‍, എസ് പി ഹര്‍ഷിത അട്ടല്ലൂരി എന്നിവരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മഅദനിയുടെ അറസ്റ്റിനായുള്ള എല്ലാ സാഹായങ്ങളും ചെയ്തുകൊടുക്കുമെന്ന് ഡി ജി പി വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും അടുത്ത കോടതിയിലെത്തി കീഴടങ്ങുമെന്ന് മഅദനി ഇന്നലെ വ്യക്തമാക്കിയിരുന്നു. ശാരീരിക കാരണങ്ങളാലാണ് കീഴടങ്ങുന്നതെന്നും നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന ചിലരുടെ പ്രസ്താവനയില്‍ പ്രതീക്ഷയില്ലെന്നും മഅദനി അഭിപ്രായപ്പെട്ടിരുന്നു. അന്‍വാര്‍ശേരിയില്‍ കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മഅദനി ബാംഗ്ലൂര്‍ പോലീസിനെതിരേ ശക്തമായി പ്രതികരിച്ചിരുന്നു. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മാത്രമല്ല മറ്റുപല കേസുകളിലേക്കും തന്നെ വലിച്ചിഴക്കാനാണ് ബാംഗ്ലൂര്‍ പോലീസ് ശ്രമിക്കുന്നതെന്നും മഅദനി ആരോപിച്ചിരുന്നു.