ന്യൂദല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ആഗസ്റ്റ് മൂന്നിലേക്കു മാറ്റി. മഅദനിക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും ജസ്റ്റിസുമാരായ എ.എം പാഞ്ചാല്‍, എച്ച്.എല്‍ ഗോഖലെ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

മഅദനിക്കെതിരെയുള്ള കുറ്റപത്രത്തിന്റെ പകര്‍പ്പ് കോടതിയില്‍ സമര്‍പ്പിക്കണമെന്നും മഅദനിയുടെ അഭിഭാഷകന് ഇത് ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിനായി കോടതി കര്‍ണാടക സര്‍ക്കാരിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. മഅദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയുര്‍വേദമടക്കമുള്ള ചികിത്സക്കായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും മഅദനിക്കു വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ ശാന്തി ഭൂഷണ്‍ വാദിച്ചു.

എന്നാല്‍ ഈ വാദത്തെ എതിര്‍ത്ത കര്‍ണാടകം മഅദനി ആവശ്യപ്പെട്ട ചികിത്സ ബാഗ്ലൂരില്‍ തന്നെ ഒരുക്കാമെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മഅദനിക്ക് ബാംഗ്ലൂരിലെ മികച്ച ആശുപത്രിയില്‍ ചികിത്സ നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.