Administrator
Administrator
ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത; മദനിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ചിന്
Administrator
Wednesday 4th May 2011 1:01pm

ന്യൂദല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിന്. ജഡ്ജിമാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഹരജി മറ്റൊരു ബെഞ്ചിന് വിട്ടത്.

ജസ്റ്റിസ് മാര്‍ഖണ്ഡേയ ഖഡ്ജു മഅദനിക്ക് ജാമ്യം നല്‍കണമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ജസ്റ്റിസ് ഗ്യാന്‍സുധ ഇതിനെതിരായ നിലപാടാണ് എടുത്തത്. തുടര്‍ന്ന് ഹരജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതികളുമായി മഅദനി ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുണ്ടെന്നും അതിനാല്‍ മഅദനിക്ക് ജാമ്യം നല്‍കരുതെന്നുമാണ് കര്‍ണ്ണാടക സര്‍ക്കാറിന് വേണ്ടി ഹാജരായ ടി.ആര്‍ അന്ത്യരാജന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ മഅദനി പ്രതികളുമായി ഫോണില്‍ സംസാരിച്ചതിന്റെ ടേപ്പ് ഹാജരാക്കാന്‍ ജസ്റ്റിസ് മാര്‍ഖണ്ഡേയ ഖഡ്ജു ആവശ്യപ്പെട്ടപ്പോള്‍ അതിന് സര്‍ക്കാര്‍ അഭിഭാഷകന് കഴിഞ്ഞില്ല.

വ്യക്തമായ തെളിവുകളില്ലാതെ ഈ ആരോപണം അംഗീകരിക്കാനാവില്ലെന്ന് ഖഡ്ജു വ്യക്തമാക്കി. അന്വേഷണം ശാസ്ത്രീയമായല്ല നടക്കുന്നത്. മഅദനിക്കെതിരെ മൂന്നാം മുറ ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ജഡ്ജ് വ്യക്തമാക്കി.

എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് ജസ്റ്റിസ് ഗ്യാന്‍സുധ മിശ്ര സ്വീകരിച്ചത്. കര്‍ണ്ണാടക സര്‍ക്കാര്‍ ഹാജരാക്കിയ തെളിവുകള്‍ സ്വീകാര്യമാണെന്നും ഇതനുസരിച്ച് മഅദനിക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി. രണ്ട് ജഡ്ജിമാര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസ് മറ്റൊരു ബെഞ്ചിന് വിടാന്‍ തീരുമാനമായത്. ബെഞ്ച് ഏതെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

Advertisement