എഡിറ്റര്‍
എഡിറ്റര്‍
മഅദനിയുടെ ജാമ്യാപേക്ഷയെ കേരളം സുപ്രീം കോടതിയില്‍ എതിര്‍ക്കില്ല
എഡിറ്റര്‍
Sunday 17th November 2013 10:17am

abdul-nasar-madani

ന്യൂദല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ ##മഅദനിയുടെ ജാമ്യാപേക്ഷയെ കേരളം സുപ്രീം കോടതിയില്‍ എതിര്‍ക്കില്ല.

നാളെയാണ് മഅദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നത്. വിഷയത്തില്‍ നിലപാടറിയിക്കാന്‍ കേരളത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

തുടര്‍ന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയാലോചന നടന്നു. മഅദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കേണ്ടതില്ലെന്നാണ് തീരുമാനമായത്.

ഇത് ഒരു നിയമ വിഷയം കൂടിയാണെന്നും ജാമ്യത്തെ എതിര്‍ക്കേണ്ടത് കര്‍ണാടകമാണ് കേരളമല്ലെന്നും കേരളം അതില്‍ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നുമാണ് നിയമോപദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളം നാളെ സുപ്രീം കോടതിയെ നിലപാട് അറിയിക്കുക.

മഅദനി കേരളത്തിലെത്തിയാല്‍ അദ്ദേഹത്തിന് പൂര്‍ണ സുരക്ഷ ഉറപ്പാക്കുമെന്ന് കേരളം അറിയിക്കും. വാക്കാലായിരിക്കും അറിയിക്കുക. പിന്നീട് സത്യവാങ്മൂലം ഫയല്‍ ചെയ്യാനാണ് തീരുമാനം.

അതേസമയം മഅദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സംഘ്പരിവാര്‍ നേതാവ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി.

ഭാരതീയ വിചാര കേന്ദ്രം മുന്‍ ജനറല്‍ സെക്രട്ടറി ടി.ജി മോഹന്‍ദാസാണ് സുപ്രീം കോടതിയെ സമീപിച്ചത്. മഅദനിക്ക് ജാമ്യം നല്‍കുന്നത് കേരളത്തിന്റെ സാമുദായിക അന്തരീക്ഷം തകര്‍ക്കുമെന്ന് ഇദ്ദേഹം ഹരജിയില്‍ പറയുന്നുണ്ട്.

നേരത്തെ ഈ കേസില്‍ കക്ഷി ചേരുന്നതിന് മോഹന്‍ദാസ് അപേക്ഷ നല്‍കിയിരുന്നു. മഅദനിക്ക് ജാമ്യം നല്‍കുന്നത് പി. പരമേശ്വരന്റേയും ഫാദര്‍ അലവിയുടേയും ജീവന് ഭീഷണിയാണെന്ന് ഇദ്ദേഹം കോടതിയെ അറിയിക്കും.

പി. പരമേശ്വരനേയും ഫാദര്‍ അലവിയേയും വിധിക്കാന്‍ മഅദനി പദ്ധതിയിട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ കേരള പോലീസ് മഅദനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മോഹന്‍ദാസ് ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ മഅദനിക്ക് ജാമ്യം ലഭിക്കുന്നത് കേസന്വേഷണം അട്ടിമറിക്കാന്‍ കാരണമാകുമെന്നും ഇദ്ദേഹം പറയുന്നു. നാളെ മഅദനിയുടെ ജാമ്യാപേക്ഷയോടൊപ്പം തന്നെ മോഹന്‍ ദാസിന്റെ ഹരജിയും കോടതി പരിഗണിക്കുമെന്നാണ് അറിയുന്നത്.

Advertisement