ബംഗളൂരു: അബ്ദുന്നാസര്‍ മഅ്ദനിക്കെതിരെ പുതിയ കേസ്. 2002 ഡിസംബര്‍ 30ന് കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതാണ് കേസ്. കേസില്‍ മഅ്ദനിയെ പ്രതി ചേര്‍ക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കോയമ്പത്തൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ബംഗളൂരൂവിലെ പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പര കേസില്‍ വിചാരണ തടവുകാരനായി മഅ്ദനി കഴിയുന്ന സമയത്താണ് കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. മഅ്ദനിയുടെ ഭാര്യ സൂഫിയയെ ജയിലധികൃതര്‍ അപമാനിച്ചതിന്റെ പ്രതിഷേധിച്ചാണ് പ്രസ് ക്‌ളബില്‍ സ്‌ഫോടനം നടത്തുന്നതിന് ബോംബുകള്‍ വെച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. സംഭവത്തില്‍ എറണാകുളം കാക്കനാട് സ്വദേശി ഷബീര്‍, കോഴിക്കോട് തിക്കോടി സ്വദേശി നൗഷാദ് എന്നിവരെ കോയമ്പത്തൂര്‍ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

പുതിയ കേസില്‍ ബംഗളൂരുവിലെ വിചാരണ കോടതിയുടെ അനുവാദത്തോടെ മഅ്ദനിയെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാന്‍ പ്രത്യേകാന്വേഷണ സംഘം ശ്രമം ആരംഭിച്ചിട്ടുണ്ട്. ബംഗളൂരു സ്‌ഫോടന പരമ്പര കേസില്‍ 31-ാം പ്രതിയാക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് മഅ്ദനി.

അതേസമയം, ബംഗളൂരു സ്‌ഫോടനപരമ്പര കേസിലെ വിചാരണയുടെ നടപടിക്രമങ്ങള്‍ ഒന്നോ രണ്ടോ ഹിയറിങ്ങുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വിചാരണ ആരംഭിക്കും. പരപ്പന അഗ്രഹാരയിലെ സ്‌ഫോടനക്കേസിനായുള്ള 35-ാം നമ്പര്‍ പ്രത്യേക അതിവേഗ കോടതിയിലായിരിക്കും വിചാരണ.

വിചാരണയില്‍ മഅ്ദനിക്കു വേണ്ടി പ്രമുഖ അഭിഭാഷകരെ നിയോഗിക്കാന്‍ ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ശ്രമിക്കുന്നുണ്ട്. കഴിഞ്ഞദിവസം ബംഗളൂരുവിലെത്തിയ ഫോറം ഭാരവാഹികള്‍ പ്രമുഖ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയിരുന്നു. മഅ്ദനിയുടെ അഭിഭാഷകര്‍ക്കെതിരെ ഒരു വിഭാഗം നടത്തുന്ന പ്രചാരണം പല അഭിഭാഷകരെയും മഅ്ദനിക്ക് വേണ്ടി ഹാജരാകുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്.