കൊച്ചി: ഇടുക്കി ജില്ലയില്‍ താമസിക്കുന്ന തമിഴരുടെ കണക്കെടുക്കാന്‍ സര്‍ക്കാരിന്റെ അടിയന്തിര നിര്‍ദ്ദേശം. രണ്ടുദിവസത്തിനകം കണക്കെടുപ്പ് പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മൂന്നാര്‍,മറയൂര്‍ പഞ്ചായത്തുകളില്‍ കണക്കെടുപ്പ് പൂര്‍ത്തിയായി.  റവന്യൂ, ലോക്കല്‍ പോലീസ്, പഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ സഹായത്തോടെ സംസ്ഥാന ഇന്റലിജന്‍സാണ് വിവരം ശേഖരിക്കുന്നത്.

ഇടുക്കി ജില്ലയെ തമിഴ്‌നാടിനോടു ചേര്‍ക്കാന്‍ ഹിതപരിശോധന നടത്തണമെന്ന് അവിടുത്തെ രാഷ്ട്രീയകക്ഷികള്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണു കേരള സര്‍ക്കാരിന്റെ അടിയന്തരനീക്കം.  കുടുംബങ്ങള്‍, അംഗങ്ങള്‍, ജോലി തുടങ്ങിയ വിവരങ്ങളാണു ശേഖരിക്കുന്നത്. പീരുമേട്, ദേവികുളം, ഉടുമ്പഞ്ചോല താലൂക്കുകളില്‍ തമിഴ് കുടിയേറ്റം വര്‍ധിച്ചിട്ടുണ്ടോയെന്നു കണക്കെടുപ്പിലൂടെ പരിശോധിക്കും.

Subscribe Us:

ഇടുക്കിയിലെ ഏലത്തോട്ടങ്ങളില്‍ പകുതിയും തമിഴ്‌നാട്ടുകാരുടെ ഉടമസ്ഥതയിലാണ്. ജില്ലയില്‍ 65 ശതമാനത്തോളം തമിഴരുണ്ടെന്നാണ് അവരുടെ അവകാശവാദം. കേരള സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഇത് 20 ശതമാനമാണ്. ഇടുക്കിയുടെ അതിര്‍ത്തി പ്രദേശങ്ങളെ തമിഴ്‌നാടിന്റെ ഭാഗമാക്കി മാറ്റാന്‍ വര്‍ഷങ്ങളായി നീക്കം നടക്കുന്നതായും സംശയമുണ്ട്.