എഡിറ്റര്‍
എഡിറ്റര്‍
വി.എസിന്റെ കൂടംകുളം സന്ദര്‍ശനം പാര്‍ട്ടി വിലക്കിയില്ലെന്ന് എം.എ ബേബി
എഡിറ്റര്‍
Tuesday 17th April 2012 5:17pm

കൊല്ലം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കൂടംകുളം സന്ദര്‍ശിക്കുന്നത്  പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കൂടംകുളത്തെ ആണവനിലയം അടച്ചുപൂട്ടേണ്ട ആവശ്യമില്ലെന്നാണ് ഇക്കാര്യത്തില്‍ സി.പി.ഐ.എം നിലപാടെന്നും ബേബി വ്യക്തമാക്കി.

കൂടംകുളത്ത് പുതിയ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനെ പാര്‍ട്ടി എതിര്‍ക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന നിലയങ്ങള്‍ പൂട്ടേണ്ടതില്ലെന്നാണ് തീരുമാനം. ആണവനിലയത്തിനെതിരായി ജനങ്ങള്‍ നടത്തുന്ന സമരത്തെ അടിച്ചമര്‍ത്തുന്ന രീതിയോട് യോജിക്കാനാവില്ലെന്നും ബേബി കൊല്ലത്ത് പറഞ്ഞു.

തിരുത്തപ്പെട്ടത് കൊണ്ടാണ് വി.എസ് ഇപ്പോഴും കേന്ദ്രകമ്മിറ്റിയില്‍ തുടരുന്നത്. മുതിര്‍ന്ന നേതാവിന് വേണ്ട അച്ചടക്കം നേതൃത്വപാടവവും അദ്ദേഹത്തിന് ഇപ്പോഴുമുണ്ട്. നയ വ്യത്യാസമുണ്ടെങ്കില്‍ മുതിര്‍ന്ന ഘടകങ്ങളില്‍ അദ്ദേഹത്തിന് തുടരാനാവുമായിരുന്നില്ലെന്നും ബേബി വ്യക്തമാക്കി.

താന്‍ കൂടംകുളം സന്ദര്‍ശിക്കുന്നത് പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വി.എസ് അച്യുതാനന്ദനും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

കൂടംകുളം സമരസമിതി പ്രവര്‍ത്തകരുടെയും മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണിന്റെയും ക്ഷണം സ്വീകരിച്ചാണ് വി.എസ് കൂടംകുളം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കൂടംകുളം സന്ദര്‍ശിക്കാനിരുന്ന വി.എസ് അച്യുതാനന്ദനെ പാര്‍ട്ടി തമിഴ്‌നാട് ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സി.പി.ഐ.എം വിലക്കിയതായി വാര്‍ത്തയുണ്ടായിരുന്നു.

Advertisement