എഡിറ്റര്‍
എഡിറ്റര്‍
വി.എസ് ഇല്ല, ബേബി പി.ബിയില്‍, കാരാട്ട് തുടരും
എഡിറ്റര്‍
Monday 9th April 2012 3:44pm

സി.പി.ഐ.എം 20 ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനം കുറിച്ച് നടക്കുന്ന പൊതുസമ്മേളനം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു

 

സ്വന്തം ലേഖകന്‍

കോഴിക്കോട്: വി.എസ് അച്ച്യുതാനന്ദനെ പുറത്തിരുത്തി എം.എ ബേബിയെ പോളിറ്റ്ബ്യൂറോയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായി തുടരും. പുതിയ പി.ബി അംഗങ്ങളുടെ ലിസ്റ്റ് പ്രകാശ് കാരാട്ട് സമ്മേളന ഹാളില്‍ വായിച്ചു.

പി.ബിയില്‍ ഉള്‍പ്പെടുത്താതിരുന്ന വി.എസ്.അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റി അംഗമായി തുടരും. കെ.കെ.ശൈലജ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബുദ്ധദേവ് ഭട്ടാചാര്യ പി.ബിയില്‍ തുടരും. 89 അംഗ കേന്ദ്ര കമ്മിറ്റിയെ ആണ് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് സ്ഥാനം ഒഴിച്ചിട്ടിട്ടുണ്ട്. പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള, സീതാറാം യെച്ചൂരി, ബിമല്‍ബസു, മണിക് സര്‍ക്കാര്‍, പിണറായി വിജയന്‍, ബുദ്ധദേവ് ഭട്ടാചാര്യ, എ.വരദരാജന്‍, വി.വി രാഘവലു, ബൃന്ദ കാരാട്ട്, നിരുപം സെന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി, സൂര്യകാന്ദ മിശ്ര, എ.കെ പത്മനാഭന്‍ എന്നവരാണ് പി.ബി അംഗങ്ങളെന്ന് പ്രകാശ് കാരാട്ട് പ്രഖ്യാപിച്ചു.

സീനിയോറിട്ടി പരിഗണിച്ചാണ് എം.എ ബേബിയെ പി.ബിയില്‍ ഉള്‍പ്പെടുത്തിയതെന്നതാണ് ഔദ്യോഗിക വിശദീകരണം. പാലക്കാട് സംസ്ഥാന സമ്മേളനത്തില്‍ വിഭാഗീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ അച്ചടക്ക നടപടിക്ക് വിധേയനായ നേതാവാണ് എം.എ ബേബി. പിന്നീട് സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ മരണത്തെ തുടര്‍ന്ന് ബേബിയുടെ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നുവെങ്കിലും പിന്നീട് അതിനെ മറികടന്ന് പിണറായി സെക്രട്ടറിയാവുകയായിരുന്നു. പിന്നീട് പിണറായിയെ ദല്‍ഹി പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലേക്കും പി.ബിയിലേക്കും എടുക്കുകയായിരുന്നു.

അതേസമയം തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ബുദ്ധദേവ് ഭട്ടാചാര്യയെ പി.ബിയില്‍ നിലനിര്‍ത്തിയതാണ് ശ്രദ്ധേയമാണ്. ബംഗാളില്‍ പാര്‍ട്ടിക്കേറ്റ വന്‍ തിരിച്ചടിയെ തുടര്‍ന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് വിട്ടുനിന്ന ബുദ്ധദേവിനെ കയ്യൊഴിയാന്‍ പക്ഷെ പി.ബി തയ്യാറായില്ല. എന്നാല്‍ ബുദ്ധദേവ് വരും ദിനങ്ങളില്‍ കൂടുതല്‍ നിഷ്‌ക്രിയമാകുമെന്ന് മുന്‍കൂട്ടിക്കണ്ടാണ് ബംഗാള്‍ പ്രതിക്ഷ നേതാവ് സൂര്യകാന്ത് മിശ്രയെ പോളിറ്റ്ബ്യൂറോയില്‍ എടുക്കാന്‍ തീരുമാനിച്ചത്. ബംഗാളില്‍ മമതയുടെയും മാവോയിസറ്റുകളുടെയും ആക്രമണം നേരിടുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ വരും ദിനങ്ങളില്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോവുകയെന്നതും മിശ്രയെ ഉള്‍പ്പെടുത്തിയതിന് പിന്നിലുള്ള ലക്ഷ്യമാണ്.

വി.എസിനെ പി.ബിയില്‍ തിരിച്ചെടുക്കണമെന്ന് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. പകരം പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന്റെ വക്താവായ ബേബിയെ പി.ബിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പാര്‍ട്ടി സംഘടനാ അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ വി.എസിനെ പി.ബിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടിയിലെ വലതുപക്ഷ വ്യതിയാനത്തിനെതിരെ ഏറെക്കാലമായി പോരാട്ടം നടത്തിവരുന്ന വി.എസിനെതിരെ പല ഘട്ടങ്ങളിലും ഔദ്യോഗിക പക്ഷം അച്ചടക്ക ലംഘന ആരോപണം ഉയര്‍ത്തിയിരുന്നു. 2006ലെയും 2011ലെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസിന് ആദ്യം സീറ്റ് നിഷേധിച്ച പാര്‍ട്ടിക്ക് പിന്നീട് അണികള്‍ക്കിടയിലെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റേണ്ടി വരികയായിരുന്നു.

എന്നാല്‍ സംസ്ഥാന സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ടില്‍ വി.എസിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കപ്പെട്ടത്. ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ വി.എസ് പെരുമാറിയെന്നും പാര്‍ട്ടിയെ വഞ്ചിക്കുന്ന നിലപാടാണ് എടുത്തതെന്നും റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ടായിരുന്നു. എന്നാല്‍ വി.എസിന്റെ പരാതിയെ തുടര്‍ന്ന് പി.ബി ഇടപെട്ട് ഇത് തിരുത്തുകയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട സംഘടനാ റിപ്പോര്‍ട്ടിലും വി.എസിനെ പി.ബിയില്‍ നിന്ന് പുറത്താക്കിയ കാര്യം ഒറ്റവരിയില്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമേ ചെയ്തുള്ളൂ.

എന്നാല്‍ പാര്‍ട്ടി സംസ്ഥാന ഘടനകത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് വി.എസിനെ പി.ബിയില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നാണ് സൂചന. വി.എസിന് ഇനി പി.ബി പ്രവേശനം ഏറെക്കുറെ അസാധ്യമാണ്.

കൊല്ലം പ്രാക്കുളം സ്വദേശിയായ എം.എ ബേബി 2006 മേയ് 18 മുതല്‍ 2011 മേയ് 18 വരെ കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രിയായിരുന്നു. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുവിദ്യാഭ്യാസം, സര്‍വകലാശാലാ വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, കാര്‍ഷിക സര്‍വ്വകലാശാല ഒഴിച്ചുള്ള സര്‍വ്വകലാശാലകള്‍, പ്രവേശന പരീക്ഷകള്‍, എന്‍.സി.സി., സാംസ്‌കാരിക കാര്യങ്ങള്‍, പുരാവസ്തു, മൃഗശാലകളും കാഴ്ചബംഗ്ലാവുകളും, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.

1954 ഏപ്രില്‍ 5 നു ജനിച്ചത്. അദ്ധ്യാപകനായിരുന്ന കുന്നത്ത് പി.എം. അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളില്‍ ഇളയവന്‍. പ്രാക്കുളം എന്‍.എസ്.എസ്. ഹൈസ്‌കൂള്‍, കൊല്ലം എസ്.എന്‍.കോളജ് എന്നിവിടുങ്ങളില്‍ വിദ്യാഭ്യാസം.

കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെ കേരള രാഷ്ട്രീയത്തില്‍ പ്രവേശിച്ച ബേബി എസ്.എഫ്.ഐ, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സി.പി.ഐ.(എം), എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചു. 32ആം വയസ്സില്‍ രാജ്യസഭാംഗമായ ബേബി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള്‍ക്കാരില്‍ ഒരാളാണ്.

1986 ലും 1992 ലും രാജ്യസഭാംഗം. ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ സ്ഥാപക കണ്‍വീനറായിരുന്നു. ദല്‍ഹി കേന്ദ്രമായി സ്വരലയ എന്ന കലാസാംസ്‌കാരിക സംഘടന രൂപവത്കരിക്കുന്നതില്‍ മുന്‍കയ്യെടുത്തു. കൈരളി ടി.വിയില്‍ ഉദ്യോഗസ്ഥയായ ബെറ്റി ലൂയിസ് ആണ് ഭാര്യ. മകന്‍: ആശോക്

ഇരിട്ടിക്കടുത്ത് മാടത്തി സ്വദേശിയാണ് കെ.കെ ശൈലജ ടീച്ചര്‍. മട്ടന്നൂര്‍ കോളേജില്‍ വിദ്യാഭ്യാസം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും സി.പി.ഐ.എം സംസ്ഥാനകമ്മറ്റി അംഗവുമായി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കേരള നിയമ സഭയില്‍ 1996ല്‍ കൂത്തുപറമ്പിനേയും 2006ല്‍ പേരാവൂരിനേയും പ്രതിനിധീകരിച്ചിട്ടുണ്ട്.

Malayalam News

Kerala News in English

Advertisement