തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചതിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന് മന്ത്രി എം.വിജയകുമാര്‍. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ആസ്ഥാനം തിരുവനന്തപുരത്തിനു ലഭിക്കാനുള്ള സാഹചര്യം ഇല്ലാതാക്കലാണ് ഇതിന്റെ ലക്ഷ്യം. എയര്‍ ഇന്ത്യ ഗള്‍ഫ് സര്‍വീസുകള്‍ വെട്ടിക്കുറച്ചതിലുള്ള സംസ്ഥാനത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയെയും സിവില്‍ വ്യോമയാന മന്ത്രിയെയും നേരില്‍കണ്ട് അറിയിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര മന്ത്രാലയത്തിലെ ഉന്നതരുടെ അറിവോടുകൂടിയാണ് ഈ നീക്കം. സ്വകാര്യ വിമാന കമ്പനികളെ സഹായിക്കാനാണ് ഈ അട്ടിമറികള്‍. എയര്‍ ഇന്ത്യാ ആസ്ഥാനം കൊച്ചിയിലേക്കു മാറ്റാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ടല്ലോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് ആരോപണമല്ല, ഒരു വസ്തുതയാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.

യാത്രക്കാരില്‍നിന്ന് യൂസേഴ്‌സ് ഡവലപ്‌മെന്റ് ഫീയായി 750 രൂപ ഈടാക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. വിമാനത്താവളത്തിനായി 81 കോടി രൂപ മുടക്കുകയും സ്ഥലം ഏറ്റെടുത്തു നല്‍കുകയും ചെയ്ത സംസ്ഥാനത്തോട് ആലോചിക്കാതെ ഏകപക്ഷീയമായാണ് യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്തിയത്്. യൂസേഴ്‌സ് ഫീ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കേസ് കൊടുത്തിരിക്കുകയാണ്. വിമാനത്താവള വികസനത്തിന് ഇപ്പോള്‍ സ്ഥല ദൗര്‍ലഭ്യമില്ല. എന്നാല്‍ ഭാവിയില്‍ വലിയ വികസനങ്ങള്‍ക്ക് 82 ഏക്കര്‍ സ്ഥലംകൂടി ആവശ്യമായി വരും. അതിന്റെ പാക്കേജ് തയ്യാറായിവരികയാണ്.

ദിവസേന ഉച്ചയ്ക്കുശേഷം തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് ബാംഗളൂര്‍ വഴി ചെന്നൈയില്‍ എത്തി രാത്രി തിരികെ എത്തുന്ന ഐ.സി 911 വിമാനം കൂടി റദ്ദാക്കപ്പെട്ടതോടെ ഫലത്തില്‍ തിരുവനന്തപുരത്തു നിന്നും മൂന്ന് വിമാന സര്‍വീസുകളാണ് ഇല്ലാതായിരിക്കുന്നത്. സാധാരണഗതിയില്‍ ഈ സെക്ടറില്‍ 2,500-3,000 രൂപയ്ക്ക് കിട്ടുന്ന വിമാന ടിക്കറ്റിന് ഇപ്പോള്‍ എയര്‍ ഇന്ത്യയുടെ പിന്‍മാറ്റത്തോടെ സ്വകാര്യ സര്‍വീസുകള്‍ക്ക് 9,500-10,000 രൂപ നല്‍കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 21 മുതല്‍ 26 വരെ തിരുവനന്തപുരത്തുനിന്നും അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് 75 ഓളം സര്‍വീസുകളാണ് എയര്‍ ഇന്ത്യ വെട്ടിക്കുറച്ചത്.

പുതിയ ടെര്‍മിനല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കു മാത്രമായി ഉപയോഗിക്കാതെ ആഭ്യന്തര സര്‍വീസിനുകൂടി ഉപയോഗപ്പെടുത്താനുള്ള എയര്‍ ഇന്ത്യയുടെ നീക്കം പുതിയ ആഭ്യന്തര ടെര്‍മിനല്‍ നിര്‍മ്മിക്കാനുള്ള നീക്കത്തെ തടസ്സപ്പെടുത്തുന്ന നടപടിയാണെന്നും മന്ത്രി പറഞ്ഞു.