കോട്ടയം: സി.പി.ഐ.എമ്മും എന്‍.എസ്.എസും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നം പരിഹരിച്ചതായി സി.പി.ഐ.എം നേതാവ് എം.വിജയകുമാര്‍. എന്‍.എസ്.എസ് ആസ്ഥാനമായ പെരുന്നയില്‍ ജി.സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിജയകുമാര്‍.

‘ സി.പി.ഐ.എം എന്‍.എസ്.എസ് നേതാക്കളുമായി പ്രശ്‌നമൊന്നുമില്ല. ചില രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് പരിഹരിച്ചു. നെയ്യാറ്റിന്‍ കരയില്‍ യു.ഡി.എഫിനെതിരായിരിക്കും എന്‍.എസ്.എസ് നിലപാട്. എന്‍.എസ്.എസ് മാത്രമല്ല, എസ്.എന്‍.ഡി.പിയും ഇതേ നിലപാടായിരിക്കും. നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തനിക്ക് വ്യക്തിപരമായി താല്‍പര്യമില്ല. അനുയോജ്യമായ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിക്കും’- വിജയകുമാര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസവും വിജയകുമാര്‍ പെരുന്നയില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരെ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിന് പ്രത്യേകിച്ച് രാഷ്ട്രീയ പ്രാധാന്യമൊന്നുമില്ലെന്നായിരുന്നു ഇതേക്കുറിച്ച് ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം. എന്നാല്‍ പല കാര്യങ്ങളും സംസാരിച്ചകൂട്ടത്തില്‍ രാഷ്ട്രീയ കാര്യങ്ങളും കടന്നുവന്നതായി വിജയകുമാര്‍ പറഞ്ഞിരുന്നു.

അഞ്ചാം മന്ത്രിയുമായി ബന്ധപ്പെട്ട് എന്‍.എസ്.എസ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തുവന്ന സാഹചര്യം മുതലെടുക്കാനാണ് വിജയകുമാറിന്റെ സന്ദര്‍ശനമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്‍.എസ്.എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സി.പി.ഐ.എം നേതാവുകൂടിയാണ് വിജയകുമാര്‍.