കണ്ണൂര്‍: മുഖ്യമന്ത്രിക്കും യു.ഡി.എഫ് സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സി.എം.പി നേതാവ് എം.വി രാഘവന്‍. രോഗത്തിന്റെ അവശത അനുഭവിക്കെയും സി.എം.പി പാര്‍ട്ടി കോണ്‍ഗ്രസിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം നിലപാടുകള്‍ തുറന്നുപറഞ്ഞത്.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ജനാധിപത്യ സമ്പ്രദായത്തിന് അപമാനകരമാണെന്ന് രാഘവന്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് പണം നല്‍കി സ്വാധീനമുണ്ടാക്കുന്ന രീതിയിലാണ് പരിപാടി നടക്കുന്നത്. ഇത് ശരിയാണോയെന്ന് ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും ആലോചിക്കണം.

Subscribe Us:

അഞ്ചാം മന്ത്രിയെക്കുറിച്ചുള്ള ചോദ്യത്തിന് ഇത്തരം നമ്പറുകള്‍ കൊണ്ടൊന്നും ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും രക്ഷപ്പെടില്ലെന്നായിരുന്നു രാഘവന്റെ പ്രതികരണം. യു.ഡി.എഫിന്റെയും സര്‍ക്കാറിന്റെയും പ്രവര്‍ത്തനങ്ങളില്‍ സി.എം.പിക്ക് തൃപ്തിയില്ല. പാര്‍ട്ടിക്ക് ലഭിച്ച ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ സ്വീകരിക്കണോയെന്ന് ആലോചിക്കും. മുന്നണിയില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഘടകകക്ഷികളോട് ആലോചിക്കാറില്ലെന്നും രാഘവന്‍ തുറന്നടിച്ചു.

കോണ്‍ഗ്രസും ലീഗും യോജിച്ചാല്‍ മുന്നണിയില്‍ ഭൂരിപക്ഷമായെന്നും ഇത് മറ്റുള്ളവര്‍ മാനിക്കണമെന്നുമാണ് നിലപാട്. പരിയാരം മെഡിക്കല്‍ കോളജിലെ ക്രമക്കേടുകളെക്കുറിച്ച് ഹൈകോടതി പരാമര്‍ശമുണ്ടായിട്ടും ഭരണ സമിതി പിരിച്ചുവിടാത്ത സര്‍ക്കാര്‍ നിലപാട് അപമാനകരമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല.

സി.എം.പി എട്ടാം പാര്‍ട്ടികോണ്‍ഗ്രസ് ഒക്ടോബര്‍ 13 മുതല്‍ 16 വരെ കോട്ടയത്ത് നടക്കും. കമ്യൂണിസ്റ്റ് കുത്തക അവകാശപ്പെടുന്ന രണ്ട് വമ്പന്‍ പാര്‍ട്ടികളും ഒടുവിലത്തെ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതോടെ രണ്ടു സീറ്റിന് വേണ്ടി ഏതു കക്ഷിയുമായും സഖ്യമാവാമെന്ന നിലപാടിലേക്ക് മാറിയതായി രാഘവന്‍ കുറ്റപ്പെടുത്തി. സി.പി.ഐ.എമ്മും സി.പി.ഐയും ഇടതുപക്ഷ വിശാല സഖ്യമെന്ന നയം ഉപേക്ഷിച്ചു. ബംഗാളില്‍ ഇപ്പോള്‍ ചുവന്ന കൊടിയും ജാഥയും കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Malayalam News

Kerala News in English