കണ്ണൂര്‍: സിഖുകാരെ കൂട്ടക്കൊല ചെയ്തതിന്റെ പാപഭാരം ഒഴിവാക്കാനാണ് പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിങ്ങിനെ കോണ്‍ഗ്രസ് തിരഞ്ഞെടുത്തതെന്ന് സി.എം.പി ജനറല്‍ സെക്രട്ടറി എം.വി രാഘവന്‍.

കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന കോണ്‍ഗ്രസ് ഭരണത്തിലെ കൊള്ളരുതായ്മ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭരണത്തില്‍ ജനങ്ങള്‍ ശ്വാസം മുട്ടുകയാണെന്നും കുത്തകമുതലാളിമാരുടെ നേതൃത്വത്തിലുള്ള ബൂര്‍ഷാ ഭൂപ്രഭു പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാഘവന്‍ ആരോപിച്ചു.

Ads By Google

കാണുന്നതിനെല്ലാം സര്‍ക്കാര്‍ വില കൂട്ടുകയാണ്. കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണത്തിലെ കൊള്ളരുതായ്മ അവസാനിപ്പിക്കണം. ഇനിയൊരു തിരഞ്ഞെടുപ്പില്‍ ഒരിക്കലും അധികാരത്തില്‍ വരാതിരിക്കാനുള്ള എല്ലാം അവര്‍ ചെയ്യുന്നുണ്ട്. വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ ജനങ്ങളുടെ വിശ്വാസത്തെ വൃണപ്പെടുത്തുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റേത്- രാഘവന്‍ പറഞ്ഞു.

കുത്തകകളുടെ കോടിക്കണക്കിനു രൂപ അച്ചാരം പറ്റി പ്രവര്‍ത്തിക്കുന്ന സി.പി.ഐ.എമ്മിനെതിരെ ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യമുണ്ടാകണം.

കമ്യൂണിസ്റ്റുകാരനെ കൊലപ്പെടുത്തിയിട്ട് ഞങ്ങള്‍ വിപ്ലവകാരികളാണ് എന്നു പറഞ്ഞുനടക്കുന്നത് അപമാനകരമാണ്. തൊഴിലാളി വര്‍ഗ സര്‍വാധിപത്യമോ ബലപ്രയോഗത്തിലൂടെയുള്ള വിപ്ലവമോ ഇവിടെ ആവശ്യമില്ലെന്നും പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് എം.വി രാഘവന്‍ പറഞ്ഞു.