കൊച്ചി:കോടതിവിധി ശുംഭത്തരംതന്നെയാണെന്ന നിലപാടില്‍ താനിപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് സി.പി..ഐ.എം നേതാവ് എം.വി ജയരാജന്‍. തനിക്കെതിരായ കോടതിയലക്ഷ്യക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് 8 ാം തിയ്യതിയിലേക്കു മാറ്റിയ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കോടതിവിധി ശുംഭത്തരമാണെന്നും എം.വി ജയരാജന്‍ വ്യക്തമാക്കി. താന്‍ കോടതിയലക്ഷ്യം നടത്തിയിട്ടില്ലെന്നും ക്രിയാത്മകവിമര്‍ശനം മാത്രമെ നടത്തിയിട്ടുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങള്‍ കോടതിയില്‍ ഹാജരാക്കിയ സി.ഡി കാണാന്‍ തന്നെ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യം പാലിക്കപ്പെടേണ്ട രാജ്യത്ത് തന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാതയോരത്ത് പൊതുയോഗം പാടില്ലെന്ന ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നും ഏതാനുംചില ശുംഭന്മാര്‍ പുറപ്പെടുവിക്കുന്ന വിധികള്‍ അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ജയരാജന്‍ പറഞ്ഞത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്താതെ തന്നെ പൊതുയോഗങ്ങള്‍ നടത്താന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.