കോഴിക്കോട്: ഒരു സാധാരണ മനുഷ്യന്‍ പോലും പ്രാകൃതമായ ഇത്തരം പരാമര്‍ശത്തിലൂടെ സ്ത്രീത്വത്തെ അപമാനിക്കില്ലെന്ന് എം.വി ജയരാജന്‍ .

സൂര്യനെല്ലി പെണ്‍കുട്ടിയ്‌ക്കെതിരെ ജസ്റ്റിസ് ബസന്ത് നടത്തിയ പരാമര്‍ശം കാടത്തമാണ്.

Ads By Google

മുമ്പ് ജുഡീഷ്യറിയില്‍  ഉണ്ടായിരുന്നവരില്‍ നിന്നുള്ള ഇത്തരം പരാമര്‍ശമുയരുന്നത് ഭീതിജനകമാണെന്നും അദ്ദേഹം ഡ്യൂള്‍ന്യൂസിനോട് പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ബസന്ത് മാപ്പുപറയുകയാണ് വേണ്ടത്.

സ്വന്തം വീട്ടിലും സ്ത്രീകളുണ്ടെന്ന് ഇത്തരം ജല്പനങ്ങള്‍ നടത്തുന്നവര്‍ ആലോചിക്കണമെന്നും എം.വി ജയരാജന്‍ പറഞ്ഞു.

സൂര്യനെല്ലിപെണ്‍കുട്ടിക്കെതിരായ ബസന്തിന്റെ  പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമാണ് സംസ്ഥാനത്തൊട്ടാകെ നടക്കുന്നത്.

തലശേരിയില്‍ ജസ്റ്റീസ് ബസന്ത് പങ്കെടുക്കുന്ന പൊതുയോഗ സ്ഥലത്ത് ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

ബാര്‍ അസോസിയേഷന്റെ ഡല്‍ഹി പെണ്‍കുട്ടി അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം തലശേരിയിലെത്തിയത്. ബസന്തിന്റെ വാഹനമാണെന്ന് തെറ്റിദ്ധരിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മറ്റൊരു ജഡ്ജിയുടെ വാഹനം തടഞ്ഞു.

പ്രതിഷേധവുമായി രംഗത്തെത്തിയ പ്രവര്‍ത്തകരുടെ കണ്ണ് വെട്ടിച്ച് ടാക്‌സി കാറിലാണ് ബസന്ത് പരിപാടി നടക്കുന്ന സ്ഥലത്തെത്തിയത്.

എന്നാല്‍ സ്വകാര്യ സംഭാഷണത്തിനിടെ പറഞ്ഞതാണ് ചാനല്‍ വാര്‍ത്തയാക്കിയതെന്നും ഇത് മാധ്യമ ധര്‍മമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇത്തരം അപവാദങ്ങള്‍ കൊണ്ട് തന്റെ ധാര്‍മികതെ തകര്‍ക്കാനാവില്ലെന്നും വിധി പുറപ്പെടുവിക്കാനുള്ള കാരണങ്ങളാണ് വിശദീകരിച്ചതെന്നും വിധി മുഴുവന്‍ ശരിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും തലശ്ശേരിയില്‍ നടന്ന പരിപാടിയ്ക്കിടെ  അദ്ദേഹം വ്യക്തമാക്കിയിരുന്നു.