Categories

തൃപ്പൂണിത്തുറ യോഗകേന്ദ്രത്തിനെതിരായ പൊലീസ് അന്വേഷണത്തില്‍ പോരായ്മകളുണ്ടെന്ന്‌ എം.സ്വരാജ് എം.എല്‍.എ

തിരുവനന്തപുരം: തൃപ്പൂണിത്തുറയിലെ വിവാദകേന്ദ്രത്തിന് എതിരായ പരാതിയില്‍ പൊലീസ് സമീപനത്തെ തള്ളിപറഞ്ഞ് എം.സ്വരാജ് എം.എല്‍.എ. യോഗാസെന്ററിനെതിരായ അന്വേഷണം ഫലപ്രദമല്ലെന്ന് എം.എല്‍.എ പറഞ്ഞു.

പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്ന വികാരം പൊതു സമൂഹത്തിലുണ്ട്. താനും ആ അഭിപ്രായം പങ്കുവെക്കുന്നു. ഇടതുസര്‍ക്കാരിന്റെ നയമല്ല പൊലീസ് നടപ്പാക്കുന്നത് എന്ന് ജനം കരുതുന്നു.

പരാതി ഉയര്‍ന്ന് ഇരുപത് ദിവമായിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് തൃപ്പൂണിത്തുറ എം.എല്‍.എ കൂടിയായ എം സ്വരാജ് നിശിത വിമര്‍ശനം ഉയര്‍ത്തിയത്.

പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ല പുരോഗമിക്കുന്നത് എന്ന വിമര്‍ശനം സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ടെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പൊലീസിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

യോഗാ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഉന്നതതല അന്വഷണം വേണമെന്ന ആവശ്യവുമായി സ്വരാജ് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.

ഇപ്പോള്‍ നടക്കുന്ന അന്വേഷണം അപര്യാപ്തമാണെന്നും പരാതി ഗൗരവത്തില്‍ കണ്ട് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സ്വരാജ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ഇമെയിലിലൂടെയാണ് സ്വരാജ് ആവശ്യം ഉന്നയിച്ചത്.

യോഗ സെന്ററിനെതിരെ നിരവധിപേര്‍ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. മനുഷ്യാവകാശലംഘനവും ലൈംഗിക ചൂഷണങ്ങളും അതിക്രമങ്ങളും സംബന്ധിച്ച പരാതികളില്‍ ഉന്നത അന്വേഷണമാണ് വേണ്ടതെന്ന് എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ ഉദയംപേരൂര് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ പരാതിയുടെ വ്യാപ്തി കൂടിയ സാഹചര്യത്തില്‍ ഈ അന്വേഷണം പര്യാപ്തമല്ലാത്തതിനാലാണ് ഉന്നത തല അന്വേഷണം ആവശ്യപ്പെടുന്നതെന്നും സ്വരാജ് പറഞ്ഞിരുന്നു.

യോഗസെന്ററില്‍ പെണ്‍കുട്ടികള്‍ക്കെതിരായി നടക്കുന്ന പീഡനവാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ആറു പേരെ പ്രതി ചേര്‍ത്ത് കേസെടുത്തതല്ലാതെ പോലീസ് കാര്യമായി മുന്നോട്ട് പോയിരുന്നില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതിന് പിന്നാലെ ഹൈക്കോടതി രണ്ട് തവണ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും പൊലീസ് കാര്യമായ നടപടികള്‍ സ്വീകരിച്ചിരുന്നില്ല.

Tagged with: