മലപ്പുറം: എസ് ഐ യെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ എം സ്വരാജ് ഉള്‍പ്പടെ മൂന്നു പേര്‍ക്കും ജാമ്യം. നിലമ്പൂരിനടുത്ത് പോത്തുകല്‍ പോലീസ് സ്‌റ്റേഷനിലെ എസ് ഐ, പി എന്‍ സുകുമാരനെ ആക്രമിച്ച കേസില്‍ ഇന്നു രാവിലെയാണ് ഇവരെ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച പകല്‍ 11.20നായിരുന്നു സംഭവം നടന്നത്. ചുങ്കത്തറ ഗ്രാമപ്പഞ്ചായത്ത് നാലാംവാര്‍ഡ് അംഗം പൂവത്തിങ്കല്‍ കൃഷ്ണകുമാരിയുടെ വീട്ടില്‍ വെള്ളിയാഴ്ച അര്‍ധരാത്രി എസ് ഐ മണല്‍കയറ്റിയ വാഹനം അന്വേഷിച്ച് ചെന്നതിനെപ്പറ്റി ചോദിക്കാന്‍ ചെന്ന സ്വരാജ് എസ് ഐയെ ആക്രമിച്ചെന്നാണ് കേസ്.

വെള്ളിയാഴ്ച രാത്രി പോലീസിന്റെ ‘കോമ്പിങ് ഓപ്പറേഷന്‍’ ഡ്യൂട്ടിയുടെ ഭാഗമായി പട്രോളിങ് നടത്തുകയായിരുന്ന പോത്തുകല്‍ എസ് ഐ രാത്രി ഒരുമണിക്കുശേഷം കൃഷ്ണകുമാരിയുടെ വീട്ടിലെത്തി മുറ്റത്തുള്ള വണ്ടിയെക്കുറിച്ച് അന്വഷിക്കുകയും അതിന്റെ രേഖകള്‍ രാവിലെ സ്‌റ്റേഷനിലെത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി പറയുന്നു.

എസ് ഐ യൂണിഫോമില്ലാതെ അസമയത്ത് വന്നതിനാല്‍ ആളറിയാതെ ഭര്‍ത്താവ് കര്‍ക്കശമായി സംസാരിച്ചതായി കൃഷ്ണകുമാരി പറഞ്ഞു. എന്നാല്‍ ജില്ലയിലെ മുഴുവന്‍ പോലീസും കോമ്പിങ് ഡ്യൂട്ടിയുടെ ഭാഗമായി യൂണിഫോമിലായിരുന്നെന്ന് എസ് ഐ പറയുന്നു. ഇക്കാര്യത്തെച്ചൊല്ലി സി പി ഐ എം നേതാക്കളും എസ് ഐയും തമ്മിലുണ്ടായ വാക്കേറ്റം മൂത്ത് അടിയാവുകയായിരുന്നു.

സ്‌റ്റേഷനകത്ത്, എസ് ഐയുടെ മുറിക്ക് പുറത്തുവെച്ചാണ് സംഭവം നടന്നത്.