Administrator
Administrator
അവര്‍ പണവുമായി വരുന്നതെന്തിന്?
Administrator
Sunday 20th March 2011 6:25pm


കമന്റ്‌സ് / എം. ഷാജര്‍ഖാന്‍


എന്തിനാണ് നോണ്‍-ഗവണ്മെന്റല്‍
ഓര്‍ഗനൈസേഷന്‍? അവ നമ്മുടെ സമൂഹത്തിന് സമ്മാനിച്ചു കൊണ്ടിരിക്കുന്നതെന്ത്? സാമൂഹിക ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും എന്‍.ജി.ഒ സംഘങ്ങള്‍ അതിക്രമിച്ചു കയറിക്കൊണ്ടിരിക്കുന്നുവെന്നതിനാല്‍ ഈ ചോദ്യത്തിന് പ്രാധാന്യമുണ്ട്. സര്‍ക്കാരാണ് ഇപ്പോള്‍ ലോകമെങ്ങും സര്‍ക്കാറിതര സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നത്. എന്തെന്നാല്‍, അവര്‍ നിര്‍വ്വഹിക്കേണ്ട പല പ്രവര്‍ത്തന ദൗത്യങ്ങളില്‍ നിന്നും തലയൂരാന്‍ സന്നദ്ധസംഘങ്ങള്‍ സഹായിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ എത്രയോ മണ്ഡലങ്ങളില്‍ സന്നദ്ധസംഘടനകള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍, അത്തരം ജീവകാരുണ്യ – സേവനപ്രവര്‍ത്തനങ്ങള്‍ വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനുമായി ലോകബാങ്കും എ.ഡി.ബിയും മുന്നിട്ടിറങ്ങുന്നതിന്റെ പിന്നിലെന്താണ്?

എ.ഡി.ബി ഒരു ജീവകാരുണ്യകണ്‍സോര്‍ഷ്യം തന്നെ പടുത്തുയര്‍ത്തിയിട്ടുണ്ട്. ‘നാം നമ്മളില്‍ നിക്ഷേപിക്കുക’ എന്ന മുദ്രാവാക്യവുമായി ഏഷ്യയില്‍ ക്യാമ്പയിന്‍ നടത്തുന്ന ഈ പ്രസ്ഥാനത്തിന്റെ പേരു ഏഷ്യ പസിഫിക് ഫിലാന്ത്രോപി കണ്‍സോര്‍ഷ്യമെന്നാണ് (APPC). 1998-ല്‍ ഈ കണ്‍സോര്‍ഷ്യം ഒരു ആഗോള സമ്മേളനം തായ്‌ലന്റില്‍ വിളിച്ച് ചേര്‍ക്കുകയുണ്ടായി. ലോകമെമ്പാടും മുതലാളിത്ത സമ്പദ്ഘടനകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍, സന്നദ്ധസംഘടനകളുടെ ഫണ്ട് സമാഹരണത്തിന് തദ്ദേശീയ സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തുക എന്ന സന്ദേശമാണ് സമ്മേളനം മുന്നോട്ട് വച്ചത്.

അതിലെ ആശയങ്ങള്‍ ക്രോഡീകരിച്ച് എ.ഡി.ബി പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിന്റെ തലക്കെട്ട് ഇന്‍വെസ്റ്റിംഗ് ഇന്‍ ഔര്‍സെല്‍വ്‌സ്: ഗിവിങ്ങ് ആന്റ് ഫണ്ട് റെയിസിംഗ് ഇന്‍ ഇന്ത്യ – (Investing in ourselves – Giving and Fund Raising in India) എന്നതായിരുന്നു. ആ പഠനത്തില്‍ പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കുന്നു രണ്ട് ഇന്ത്യന്‍ എന്‍.ജി.ഒ കളുണ്ട്. ഒന്ന്, ഭാരത്ജ്ഞാന്‍ വിജ്ഞാന്‍ സമിതി. രണ്ട്, കേരളാ ശാസ്ത്രസാഹിത്യപരിഷത്ത്. ഭാരത്ജ്ഞാന്‍ വിജ്ഞാന്‍ സമിതിക്കു രൂപം നല്‍കുന്നതില്‍ ശ്രീ.എം.പി. പരമേശ്വരന്‍ വഹിച്ച പങ്കും പ്രത്യേകം പറയുന്നുണ്ട്. അതിന്റെ പരമോന്നതമായ ഉദ്ദേശ്യം വിദ്യാഭ്യാസത്തെ അനൗപചാരികമാക്കുക എന്നുള്ളതാണ്. അനൗപചാരിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആശയം പറഞ്ഞാണ് തുടങ്ങിയത്.

‘സര്‍ക്കാര്‍ നല്‍കേണ്ട ഔപചാരിക വിദ്യാഭ്യാസം ഏവര്‍ക്കും കിട്ടുന്നില്ലായെന്നതിനാല്‍ ഞങ്ങള്‍ ബദല്‍ സ്‌കൂള്‍ സമ്പ്രദായം ആവിഷ്‌ക്കരിച്ച് എല്ലാവര്‍ക്കും സാക്ഷരത നല്‍കും’ എന്ന പ്രഖ്യാപനത്തിലൂടെ യഥാര്‍ത്ഥത്തില്‍ സര്‍ക്കാറിന് ചുമതലയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു അനൗപചാരിക വാതില്‍ നിര്‍മിച്ച് കൊടുക്കുകയായിരുന്നു വിജ്ഞാന്‍ സമിതി ചെയ്തത്. അതിനുള്ള ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തന്നെ നല്‍കുകയും ചെയ്തു. അതിനുള്ള പ്രചോദനം 1989-ല്‍ കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലയില്‍ നടത്തിയ ബൃഹത്തായ സാക്ഷരതാ യജ്ഞത്തിലായിരുന്നവത്രെ! 1988-ല്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ദേശീയ സാക്ഷരതാ യജ്ഞവും (എന്‍.എല്‍.എം) വിദ്യാഭ്യാസത്തിന്റെ അനൗപചാരികവല്‍ക്കരണത്തിന്റെ ട്രയല്‍ ആയിരുന്നു.

ഔപചാരിക വിദ്യാഭ്യാസത്തില്‍ സ്‌കൂള്‍, അധ്യാപകന്‍, പഠിപ്പിക്കല്‍, പരീക്ഷ, ഫലപ്രഖ്യാപനം തുടങ്ങിയവയുണ്ട്. അതിനെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങളൊരുക്കണം. അനൗപചാരികത്തില്‍ മിക്കവാറും ചുമതല സ്വയം സഹായസംഘങ്ങളുടേതായിരിക്കും. അതായത്, നാട്ടുകാര്‍ സ്വന്തം നിലയില്‍ പണം സമാഹരിച്ച് വിദ്യാഭ്യാസം നടത്തണം. ചുമതലകള്‍ വികേന്ദ്രീകരിക്കണം. ഏകാധ്യാപക വിദ്യാലയങ്ങള്‍ അങ്ങനെയുണ്ടായവയാണ്. ബദല്‍ സ്‌കൂള്‍ എന്ന് പറഞ്ഞാല്‍ സര്‍ക്കാര്‍ ഫണ്ടില്ലാത്ത സ്‌കൂള്‍ എന്നാണര്‍ത്ഥം.

അതിലൂടെ ആത്യന്തിക നേട്ടം സര്‍ക്കാറിന് ലഭിക്കും. അതിനുള്ള പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന ജോലി മാത്രമേ എന്‍.ജി.ഒകള്‍ക്കുള്ളു. അതിനായി, കൊട്ടും കുരവയും പാട്ടും സമതയും കുടുംബശ്രീയുമെല്ലാം പിറവികൊള്ളുന്നു. നിസ്വാര്‍ത്ഥരായ യുവതീ-യുവാക്കളുടെ ചോരയും നീരും ഈ ദൗത്യനിര്‍വ്വഹണത്തിനായി ഉപയോഗിക്കപ്പെടുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തെ കേരളത്തിലെയും ഇന്ത്യയിലെയും സന്നദ്ധസംഘടനകളുടെ, പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാം. സാമ്രാജ്യത്വ ഏജന്‍സികളുടെ കൈകളിലെ ഉപകരണമായി എന്‍.ജി.ഒകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആക്ഷേപം ഈ പശ്ചാത്തലത്തില്‍ വേണം പരിശോധിക്കേണ്ടത്. ഡോളറിന്റെ കിലുക്കത്തിന് അനുസരിച്ച് അവര്‍ വ്യത്യസ്ത രൂപങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അനൗപചാരിക വിദ്യയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ് എം.പി പരമേശ്വരന്‍ സ്ഥാപിച്ച ഭാരത്ജ്ഞാന്‍ വിജ്ഞാന്‍ സമിതിക്ക് 2002-ല്‍ പത്ത്‌കോടി രൂപയാണ് നല്‍കിയത്. അനൗപചാരിക വിദ്യാഭ്യാസ ദര്‍ശനത്തിനുള്ള അംഗീകാരമെന്നൊക്കെ അവര്‍ ഇതിനെ വിളിക്കും. എന്ത് പേരിട്ട് വിളിച്ചാലും, ഇന്ന് ആഗോളസാമ്രാജ്യത്വ ശക്തികള്‍ നഗ്നമായി പിന്തുണക്കുന്നത് നോണ്‍-ഫോര്‍മല്‍ വിദ്യാലയങ്ങളെയാണെന്ന് നമുക്കറിയാം. സര്‍വീസ് രംഗങ്ങളില്‍ നിന്ന് ഭരണകൂടം പിന്മാറണം എന്ന ശാസന ഗാട്ട്‌സ് (GATS) ഉടമ്പടിയിലൂടെ അംഗരാഷ്ട്രങ്ങള്‍ക്ക് നല്‍കുന്ന ലോകവ്യാപാര സംഘടനയുടെ പ്രത്യക്ഷാശയവും ഇത് തന്നെ.

ഇത്തരം എന്‍.ജി.ഒകളെ എങ്ങനെയാണ് നിര്‍വചിക്കുക

അവയെ ഒറ്റവാക്കില്‍ നിര്‍വചിക്കുക പ്രയാസം. ഉപമകള്‍ക്കും ഉത്‌പ്രേക്ഷകള്‍ക്കും പെട്ടെന്ന് പിടികൊടുക്കാത്ത സംഘങ്ങളാണവ. അതുകൊണ്ട് നിര്‍വചനം – ഒരൊറ്റ നിര്‍വചനം അസാധ്യം. എന്‍.ജി.ഒ.കള്‍ക്ക് ഒരുപക്ഷേ ഏറ്റവും നല്ല നിര്‍വചനം നല്‍കിയവരില്‍ പ്രമുഖന്‍ സി.പി.ഐഎമ്മിന്റെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടായിരുന്നു. 1984-ല്‍ തന്നെ അദ്ദേഹം എന്‍.ജി.ഒ.കളെ സംശയദൃഷ്ടിയോടെയാണ് കണ്ടത്. അക്കാലത്ത് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ അദ്ദേഹം എഴുതി. ”A sophisticated and comprehensive strategy workedout in imperialist quarters to harnness the forces of volunteer agencies/Action groups to their strategic design to penetrate Indian Society and influence its course of development. The Left forces were advised to take serious note of this arm. It tends to attract petty bourgeois youth imbued with idealism’ (The Marxist, CPM Journal) (ഇതൊരു പഴങ്കഥയാണ്. സി.പി.ഐ.എമ്മിന് ഇപ്പോള്‍ ഇങ്ങനെയൊരു നിലപാടില്ല).

നിരവധി എന്‍.ജി.ഒ. ഫോറങ്ങളില്‍ സി.പി.ഐ.എം. നേതാക്കള്‍ പങ്കെടുത്തുകൊണ്ട് മുന്‍കാല നിലപാടുകളില്‍ വെള്ളം ചേര്‍ത്ത കാര്യം ഏവര്‍ക്കുമറിയാം. 2002-ലെ കൊല്‍ക്കത്താ ജനകീയ ശാസ്ത്രസമ്മേളനം, ഏഷ്യന്‍ സോഷ്യല്‍ ഫോറം യോഗങ്ങള്‍, 2004 ലോക സോഷ്യല്‍ ഫോറം എന്നിവ ഉദാഹരണം. ആഗോളീകരണത്തെ എതിര്‍ക്കുന്ന സിവില്‍ സമൂഹ സംഘടനകളുണ്ട് എന്ന ന്യായമാണ് അന്ന് തോമസ് ഐസക് മുന്നോട്ടുവച്ചത്. എന്തായാലും രാഷ്ട്രീയ നയ നിലപാടുകള്‍ ആവിഷ്‌ക്കരിക്കുന്നതില്‍ വരെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വിധത്തില്‍ വളര്‍ന്നു കഴിഞ്ഞ സന്നദ്ധസംഘടനകളുണ്ട് ഇപ്പോള്‍ ഇന്ത്യയില്‍.

2001-ലെ ഒരു പഠനമനുസരിച്ച് ഏകദേശം 2,00,000 സന്നദ്ധസംഘടനകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ ഇരുപതിനായിരം സംഘടനകള്‍ വിദേശനാണ്യനിയന്ത്രണ നിയമമനുസരിച്ച് (FCRA) രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളവയുമാണ്. (Source: Society for participatory Research in India) സന്നദ്ധ സംഘങ്ങള്‍ക്ക് പരസ്പരം ബന്ധമുണ്ടെന്നു മാത്രമല്ല അവയില്‍ പലതും അന്തര്‍ദേശീയമായ തലത്തില്‍ പ്രവര്‍ത്തിക്കുന്നവയുമാണ്. പല രാജ്യങ്ങളിലേയും ഭരണകര്‍ത്താക്കള്‍ സന്നദ്ധസംഘങ്ങള്‍ വഴിയുള്ള ‘ഓപ്പറേഷന്‍സ്’ സ്ഥിരം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ബംഗ്ലാദേശ്, തായ്‌ലന്റ്, ഫിലിപ്പൈന്‍സ് എന്നിവ ഉദാഹരണം. ലോകബാങ്കിന്റെ പ്രധാന പ്രോജക്ടുകള്‍ അവര്‍ സന്നദ്ധ സംഘടനകള്‍ വഴിയാണ് നടപ്പാക്കിയെടുക്കുന്നത്. ലോകബാങ്കിന്റെ ഒരു സുപ്രധാന ഓപ്പറേഷണല്‍ ഡോക്യുമെന്റില്‍ (Working with NGO’s -1995) സന്നദ്ധസംഘടനകളെ നിര്‍വചിക്കുന്നത് ഇങ്ങനെ. ‘NGO’s are private organisations that pursue activities to relieve suffering, promote the interests of the poor, protect the environment, provide basic social services or undertake community development’.

ലോകബാങ്കിനെ സംബന്ധിച്ച് സന്നദ്ധസംഘങ്ങള്‍ ജീവകാരുണ്യപ്രസ്ഥാനങ്ങള്‍ മാത്രമാകുന്നതില്‍ അത്ഭുതമില്ല. ലോകബാങ്കിന്റെ പുതിയ സഹായ അജണ്ട (New Aid Agenda – WB) സന്നദ്ധസംഘടനകളിലൂടെ അയവുള്ള ഭരണസംവിധാനം സ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സന്നദ്ധസംഘങ്ങളാകുമ്പോള്‍, ഏറ്റവും കുറഞ്ഞ സഹായം മതിയാകുമതിന് എന്നതാണ് ബാങ്കിന്റെ ഒരു കണക്കുകൂട്ടല്‍. സര്‍വീസ് രംഗങ്ങളിലെ പൊളിച്ചെഴുത്തു പദ്ധതികള്‍ക്കായി വിവിധ രാജ്യങ്ങളില്‍ സന്നദ്ധസംഘങ്ങള്‍ നടത്തുന്ന സര്‍വേകള്‍, ഇടപെടലുകള്‍ എന്നിവയെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ലോകബാങ്കിന്റെ അദൃശ്യമായ സാന്നിധ്യം അനുഭവപ്പെടും.

ഇന്ത്യയിലെ വിദ്യാഭ്യാസ ആരോഗ്യ-സര്‍വീസ് മേഖലകളിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് ബാങ്കിന്റെ നേരിട്ടുള്ള സഹായമുണ്ടെന്നുള്ളത് ഒരു സത്യമാണ്. അതുവഴിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഭരണകൂടം തീര്‍ത്തും അവഗണിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. രാഷ്ട്രീയ സംവിധാനത്തിനകത്ത് സന്നദ്ധസംഘങ്ങള്‍ക്കു പങ്കാളിത്തം ലഭിക്കുന്നുവെന്നത് വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന കാര്യം അവഗണിക്കരുത്. ഗവണ്മെന്റും നോണ്‍ഗവണ്മെന്റ് സംഘടനകളും തമ്മിലുള്ള ബന്ധത്തിന്റെ അതിര്‍വരമ്പുകല്‍ നേര്‍ത്തതായിക്കൊണ്ടിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന.

വിവിധ രാജ്യങ്ങളിലെ ഗവണ്മെന്റുകള്‍ക്കു നല്‍കുന്ന സഹായങ്ങളുടെ തോത് വെട്ടിക്കുറച്ചുകൊണ്ടാണ് സന്നദ്ധസംഘങ്ങള്‍ക്കു ധനസഹായം ചെയ്യാന്‍ ലോകബാങ്ക് തീരുമാനിച്ചതെന്ന് അല്‍ന്നൂര്‍ ഇബ്രാഹിം നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. (page 47, NGO’s and Organisational change Discourse, Reporting and Learning) തങ്ങളുടെ അജണ്ട നന്നായി നടപ്പാക്കുന്നതില്‍ ഗവണ്മെന്റുകളെക്കാള്‍ സന്നദ്ധസംഘടനകളാണ് ഫലപ്രദമെന്നാണ് പുതിയ വിലയിരുത്തലത്രേ! ആഗോളീകരണത്തിന്റെ പുതിയ തന്ത്രങ്ങള്‍ പ്രയോഗത്തില്‍ വരുത്താന്‍ അത്തരം സംഘടനകളെ നന്നായി ഉപയോഗിക്കുന്നുമുണ്ട്. ഗവണ്മെന്റുകള്‍ക്ക് നല്‍കുന്ന വായ്പകളില്‍ മാറ്റം വരുത്താതെയും പ്രത്യേക പ്രോജക്ടുകള്‍ നടപ്പാക്കുവാന്‍ സന്നദ്ധസംഘങ്ങളെ ഉപയോഗിക്കുകയുമാണ് ഇപ്പോള്‍ ഇത്തരം ഏജന്‍സികള്‍ ചെയ്യുന്നത്.

ആയതിനാല്‍, ‘സര്‍ക്കാരിതര’ സംഘടനകള്‍ സര്‍ക്കാര്‍ സംഘടനകളെപ്പോലെ ഭരണാധികാരത്തിന്റെ ഇടനാഴികളിലേക്ക് ഇരച്ചുകയറുന്ന സങ്കീര്‍ണമായൊരു പുതിയ പ്രതിഭാസത്തെയാണ് ഇനിലോകം അഭിമുഖീകരിക്കാന്‍ പോകുന്നത്, ഇന്ത്യയും. അതുകൊണ്ടു തന്നെ കേരളത്തെ അരാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ സന്നദ്ധ സംഘങ്ങള്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ച് ഫലപ്രദമായൊരു പഠനം അത്യാവശ്യമായി നടത്തേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്.


Advertisement