budhadeb-and-mamata

എസ്സേയ്‌സ് / എം. ഷാജര്‍ഖാന്‍

34 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടതുമുന്നണിയെ ബംഗാളും അതോടൊപ്പം കേരളവും ഒന്നിച്ച് തിരസ്‌കരിച്ച നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്. പഞ്ചവത്സര പരിണാമ സിദ്ധാന്തമനുസരിച്ച് കേരളത്തിനത് പുതുമയല്ലെങ്കിലും ബംഗാളിന്റെ മണ്ണില്‍ സി.പി.ഐ.എം വാഴ്ചയ്ക്ക് അന്ത്യം കുറിച്ച ജനവിധി അക്ഷരാര്‍ത്ഥത്തില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ത്തിരിക്കുന്നു. ആകെയുള്ള 294 സീറ്റുകളില്‍ 226 ഉം മമതസഖ്യം നേടിയത് ഇടതുമുന്നണിയ്‌ക്കെതിരായ ജനരോഷത്തിന്റെ ആഴം വ്യക്തമാക്കുന്നു.

പ്രതീക്ഷിക്കപ്പെട്ടതും പ്രവചിക്കപ്പെട്ടതുമായ വിധിയെഴുത്താണിതെങ്കിലും അതിന്റെ സര്‍വതല സ്പര്‍ശിയായ പ്രത്യാഘാതങ്ങളെ നേരിടാന്‍ ഇടതുമുന്നണിക്ക് വിശേഷിച്ചും സി.പി.ഐ.എമ്മിന് കഴിയില്ല. കാരണം തെരഞ്ഞെടുപ്പിലെ പരാജയത്തെക്കാള്‍ സി.പി.ഐ.എം കുത്തകയാക്കി വച്ചിരുന്ന സംഘടനാ അടിത്തറയാണ് ബംഗാളില്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത്. സി.പി.എം. നയിക്കുന്ന മുന്നണിയെയും ആ പാര്‍ട്ടിയേയും ബംഗാള്‍ ജനത ഉപേക്ഷിച്ചിരിക്കുന്നു എന്ന പ്രഖ്യാപനമാണിത്.

bengal-1നന്ദിഗ്രാമാണ് ദിശാസൂചകമായ ഈ മാറ്റത്തിന് കളമൊരുക്കിയത്. സിംഗൂരില്‍ ആഞ്ഞടിച്ച കാറ്റ് നന്ദിഗ്രാമില്‍ കൊടുങ്കാറ്റായി. ആ തരംഗമാലകളെ അതിജീവിക്കാന്‍ സി.പി.ഐ.എം സംഘടനയ്‌ക്കോ അവരുടെ പോലീസിനോ മാഫിയ സംഘങ്ങള്‍ക്കോ കഴിയില്ലായെന്ന് ഈ തെരഞ്ഞെടുപ്പ് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കടപുഴക്കപ്പെട്ടിട്ടും കുറ്റകൃത്യങ്ങളുടെ പരമ്പരയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാരിന് കഴിഞ്ഞില്ലല്ലോ. അതിനവര്‍ നല്‍കേണ്ടിവന്ന കനത്ത വില ബംഗാള്‍ സമ്മാനിക്കുന്ന പുതിയ കാവ്യനീതിയായി.

എന്തുകൊണ്ട് വംഗജനത ഇടതുവാഴ്ചയ്ക്കറുതിവരുത്തിയെന്ന കാര്യം അക്കമിട്ടു പറയാം. ഒന്നാമത്, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മഹത്ത്വം മറന്ന് ജന്മിത്ത കാലത്തെ മാടമ്പികളെപ്പോലെയാണ് സി.പി.ഐ.എം നേതാക്കള്‍ അവിടെ ജീവിച്ചത്. സിംഗൂരില്‍ ടാറ്റയ്ക്കും നന്ദിഗ്രാമില്‍ സാലിം ഗ്രൂപ്പിനും വേണ്ടി ഭൂമിപിടിച്ചെടുത്തു കൊടുക്കാന്‍ നൂറുകണക്കിന് കര്‍ഷകരെ നിഷ്‌ക്കരുണം വെടിവെച്ചു കൊല്ലാന്‍ ഉത്തരവിട്ടത് ഈ മാടമ്പി രാഷ്ട്രീയത്തിന്റെ മൂര്‍ധന്യതയിലാണ്. ഭൂമിവിട്ടു കൊടുക്കാന്‍ തയ്യാറാകാത്ത കര്‍ഷക ജനങ്ങളുടെ മേല്‍ ചിന്തിയ്ക്കാനാകാത്ത പൈശാചികതയാണ് അരങ്ങേറിയത്.

ഭീകരമായ കൂട്ടക്കൊലയാണ് ഭരണകൂടവും പാര്‍ട്ടി ഗൂണ്ടകളും ചേര്‍ന്ന് അവിടെ നടത്തിയത്. നൂറുകണക്കിനാളുകള്‍ക്ക്് മാരകമായി പരിക്കേറ്റു. സ്ത്രീകള്‍ നിഷ്ഠുരം മാനഭംഗം ചെയ്യപ്പെട്ടു. ‘നന്ദിഗ്രാമിലെ കര്‍ഷകര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി കിട്ടിയിരിക്കുന്നു’വെന്ന് പറഞ്ഞ് മുഖ്യമന്ത്രി ബുദ്ധദേവ് 2007 മാര്‍ച്ച് 14-ന് ഈ പൈശാചികതയെ ന്യായീകരിച്ചത് ബംഗാളികള്‍ മറന്നില്ല.

nandigram brutal രണ്ടാമത്, കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സിംഗൂരിലും നന്ദിഗ്രാമിലും ചെയ്ത പാതകങ്ങള്‍ ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ച ബുദ്ധദേവും സംഘവും തുടര്‍ന്ന് ലാല്‍ഗഢില്‍ ചെയ്ത് കൂട്ടിയതെന്തായിരുന്നു? പശ്ചിമ മേദിനിപ്പൂര്‍ ജില്ലയിലെ ലാല്‍ഗഢില്‍ പകല്‍ മുഴുവന്‍ കാടുകളില്‍ പണിയെടുത്തു കഴിയുന്ന പാവങ്ങളെ പാര്‍ട്ടി നേതാക്കളുടെ വീട്ടുജോലിക്ക് നിയോഗിക്കുന്ന രീതി എത്രയോ വര്‍ഷങ്ങളായി തുടരുകയാണ്. സഹികെട്ടപ്പോള്‍ അടിമപ്പണിയ്‌ക്കെതിരെ പ്രതിഷേധിച്ച ഒമ്പത് ഗ്രാമീണരെ സി.പി.ഐ.എം പ്രാദേശിക നേതാവായ രതിന്‍ദണ്ഡപതിന്റെ മട്ടുപ്പാവില്‍ നിന്നാണ് വെടിവെച്ചു കൊന്നത്.
അതിലൊരാളുടെ കുടല്‍ പുറത്തുചാടി. നിരവധിപേര്‍ മരണത്തിനും ജീവിതത്തിനുമിടയില്‍ ഇപ്പോഴും വേദന തിന്നു കഴിയുന്നു.

ഒരു ഗ്രാമീണരെ മുഴുവന്‍ ‘മാവോയിസ്റ്റു’കളായി മുദ്രകുത്തി ‘ഗ്രീന്‍ഹണ്ട്’ ഓപ്പറേഷന്‍ നടത്തുന്ന കേന്ദ്രസേനയുമായിച്ചേര്‍ന്ന് നടത്തിയ നരഹത്യയിലൂടെയും മനുഷ്യാവകാശലംഘനങ്ങളിലൂടെയുമാണ് ‘ഇടതു’സര്‍ക്കാര്‍ തെറ്റുതിരുത്തിയത്. ഇത് ലാല്‍ഗഢിന്റെ മാത്രം കഥയല്ല. ഏറിയും കുറഞ്ഞുമുള്ള അളവുകളില്‍ ഗ്രാമീണ ബംഗാള്‍ അനുഭവിക്കുന്ന കണ്ണീര്‍ക്കഥയാണിത്. മുപ്പത്തിരണ്ട് വര്‍ഷം സി.പി.ഐ.എം. ബംഗാള്‍ ഭരിച്ചിട്ടും വെള്ളവും വെളിച്ചവുമില്ലാത്ത ആയിരക്കണക്കിന് ഗ്രാമങ്ങളുണ്ടവിടെ. നിരക്ഷരരുടെ എണ്ണം ഒരു കോടിയിലേറെയുണ്ട്.

mamatha sketchingമൂന്നാമത്, ഭരണസംവിധാനം അടിമുടി അഴിമതിയില്‍ മുങ്ങിയതായിരുന്നു. പാര്‍ട്ടി നേതാക്കള്‍ക്കു കൈക്കൂലി കൊടുക്കാതെ ഒന്നും നടക്കില്ല. ഭരണപരമായ നിഷ്പക്ഷത സമ്പൂര്‍ണമായി അപ്രത്യക്ഷമായി. പോലീസ് പാര്‍ട്ടിയുടെ ഗൂണ്ടാസംഘമായി അധഃപതിച്ചു. യാചകരുടെ എണ്ണം എല്ലാ സീമകളും കവിഞ്ഞ് പെരുകി. കൊല്‍ക്കത്താ നഗരത്തില്‍ ജനങ്ങള്‍ പുഴുക്കളെപ്പോലെ ജീവിക്കുന്ന ചിത്രങ്ങള്‍ മാത്രം മതി ബംഗാളിന്റെ ഇന്നത്തെ ദയനീയാവസ്ഥ വരച്ചു കാട്ടാന്‍.

മറുവശത്ത് സമ്പന്നരുടെ കൊട്ടാരങ്ങളില്‍ സമൃദ്ധമായ ജീവിതം. ഉദ്യോഗസ്ഥ-വ്യവസായ-പാര്‍ട്ടി നേതൃത്വ അവിശുദ്ധ കൂട്ടുകെട്ടിന്റെ അഴിമതിയും അഴിഞ്ഞാട്ടവും കണ്ട് സഹികെട്ട ജനങ്ങള്‍ വിധിയെഴുതി: ബംഗാളില്‍ ഇനി സി.പി.ഐ.എം ദുര്‍ഭരണം വേണ്ട. മമത ബാനര്‍ജിയുടെ തൃണമൂല്‍ സഖ്യത്തിന് ജനങ്ങള്‍ നല്‍കിയ പിന്തുണ പരിവര്‍ത്തനം ആഗ്രഹിക്കുന്ന ഒരു ജനതയുടെ നിലവിളിയായിരുന്നു. അഴിമതിക്കും ക്രൂരതകള്‍ക്കുമെങ്കിലും അറുതിവരുത്താന്‍ ‘ദീദി’ക്ക് കഴിയുമെന്ന് അവര്‍ പ്രത്യാശിക്കുന്നു. അതെന്തായാലും, ബംഗാള്‍ ജനത ചരിത്രമെഴുതിയിരിക്കുന്നു.

ബംഗാളിന്റെ മാറ്റം ഇന്ത്യയുടെ മാറ്റത്തിന്റെ തുടക്കമാണെന്ന ചൊല്ല് മറക്കാതിരിക്കുക. കോണ്‍ഗ്രസായാലും സി.പി.ഐ.എമ്മായാലും ബി.ജെ.പിയായാലും ജനങ്ങളുടെ വിധിയെഴുത്തില്‍ നിന്ന് വിലപ്പെട്ട പാഠങ്ങള്‍ പഠിക്കാനുണ്ട്. ജനാധിപത്യപ്രക്രിയയില്‍ ജനകീയ സമരശക്തികള്‍ ചോരകൊണ്ടെഴുതുന്ന വിധിയെഴുത്തിന്റെ യഥാര്‍ഥ അര്‍ത്ഥമെന്തെന്ന് പഠിക്കുക തന്നെ വേണം.അടുത്ത പേജില്‍ തുടരുന്നു