മലപ്പുറം:കേരളത്തില്‍ വലിയൊരുവിഭാഗം വരുന്ന മതന്യൂനപക്ഷങ്ങളെക്കുറിച്ച് സിപിഐ ചിന്തിച്ചില്ലെന്ന് എം റഹ്മത്തുള്ള. വര്‍ഷങ്ങളായുള്ള പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചത ഈ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ പാര്‍ട്ടി അംഗത്വം രാജി വെച്ച് ലീഗ് അംഗത്വം നേടിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെപ്പോലെ ചിന്തിക്കുന്ന സിപിഐ പ്രവര്‍ത്തകര്‍ മലപ്പുറത്ത് ധാരാളമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളരെ പെട്ടെന്നാണ് പാര്‍ട്ടി അംഗത്വം രാജിവെയ്ക്കാനുള്ള തീരുമാനമെടുത്തത്. ആരുമായും കൂടിയാലോചിക്കാനുള്ള സമയം ലഭിച്ചില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇടതുപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാട് മുസ്‌ലിങ്ങളുണ്ട്. അവരുടെയൊക്കെ ചിന്ത ഇങ്ങനെയാണ്. എന്നാല്‍ അവരെല്ലാം ലീഗ് അംഗത്വം സ്വീകരിക്കുമോയെന്ന കാര്യത്തെക്കുറിച്ച് എനിക്കറിയില്ല.

സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ് ഞാന്‍. ഇന്ന് രാവിലെയാണ് രാജിക്കുള്ള സന്നദ്ധത ഞാന്‍ പാര്‍ട്ടിയെ അറിയിച്ചത്. ജനയുഗത്തിന്റെ ഡയറക്ടര്‍ബോര്‍ഡ് അംഗവുമാണ്. മലപ്പുറം, വയനാട് എന്നീ ജില്ലകളുടെ ചുമതലയായിരുന്നു എനിക്ക്.

അധികാരരാഷ്ട്രീയവുമായി ബന്ധപ്പെട്ട നിലപാടല്ല തന്റെതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പ് കഴിഞ്ഞു. എല്‍ഡിഎഫ്-യുഡിഎഫ് മത്സരത്തില്‍ യുഡിഎഫ് വിജയിച്ചു. ഇതില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയം മുസ്ലിംലീഗിന്റെതാണ്. യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് കണ്ടിട്ടല്ല ഞാന്‍ ലീഗില്‍ ചേര്‍ന്നത്. നിങ്ങളെന്തുകൊടുക്കുമെന്നു പറഞ്ഞിട്ടാണ് റഹ്മത്തുള്ള ലീഗിലേക്ക് വരുന്നതെന്ന് തങ്ങളോടു പലരും ചോദിച്ചു. അവരോട് എനിക്ക് പറയാനുള്ള മറുപടി ഇതാണ്, ഒന്നും തരാമെന്ന് പറഞ്ഞിട്ടല്ല, ലീഗില്‍ അംഗത്വം തരുമൊയെന്ന് ഞാനവരോടാവശ്യപ്പെടുകയായിരുന്നു.

നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വാതന്ത്ര്യവും സമാധാനവും നല്‍കുന്ന പാര്‍ട്ടി ലീഗാണ്. മതന്യൂനപക്ഷങ്ങളെ സഹായിക്കാനും അവര്‍ക്ക് വേണ്ട പരിഗണന നല്‍കാനും പോരാട്ടത്തില്‍ മുന്നണിപ്പോരാളിയായി പടനയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ലീഗ് അംഗത്വം സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ച ഒരു ഘടകം ഇതാണ്. ഒരു ഉപാധിയുമില്ലാതെയാണ് ലീഗ് എനിക്ക് അംഗത്വം നല്‍കിയത്. എന്തെങ്കിലുമൊരുപാധിവെച്ച് ആളെ ചേര്‍ക്കേണ്ട അവസ്ഥയൊന്നും ലീഗിനില്ല. ലീഗ് പോലുള്ള ഒരു പ്രസ്ഥാനത്തിന് അതിന്റെ ആവശ്യവുമില്ല.

സാമൂഹ്യനീതിയാണ് ലീഗിലേക്ക് എന്നെ ആകര്‍ഷിച്ച മറ്റൊരു ഘടകം. പാര്‍ട്ടിയുടെ പ്രസിദ്ധീകരണപുസ്തകത്തില്‍ മാത്രമൊതുങ്ങുന്നതാണ് സിപിഐയുടെ സാമൂഹ്യനീതി. ഏതൊരു കാര്യവും പ്രകടനപത്രികയിലും വാക്കിലും മാത്രംപോര, പ്രവൃത്തിയിലും വേണം. സിപിഐയുടെ അധികാരരാഷ്ട്രീയത്തില്‍ മതന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള ചിന്ത അന്യമായിരിക്കുന്നു. ഇതിനേറ്റവും വലിയ ഉദാഹരണമാണ് പി.എസ്.സി നിയമനം.

അധികാരസ്ഥാനങ്ങളിലേക്ക് ഏറ്റവും ന്യൂനപക്ഷമായ മുസല്‍മാനെ എന്തുകൊണ്ട് പരിഗണിച്ചില്ല എന്ന് ഞാന്‍ ചോദ്യം ചെയ്തത് എന്നെ വര്‍ഗീയവാദിയായി ചിത്രീകരിച്ചു. എന്നെ പുറത്താക്കിയ വാര്‍ത്തയറിഞ്ഞ് ചിലര്‍ പറഞ്ഞതിങ്ങനെയാണ്:’വര്‍ഗീയവാദികള്‍ പുറത്തുപോയി’. യഥാര്‍ത്ഥത്തില്‍ പിഎസ് സി നിയമനത്തില്‍ സിപിഐ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്. മുസ്ലിങ്ങളൊഴികെയുള്ള എല്ലാ വിഭാഗങ്ങളെയും അവര്‍ പരിഗണിച്ചിട്ടുണ്ട്. ഒരു ദേശീയപാര്‍ട്ടി ഒരിക്കലും അങ്ങനെ ചിന്തിച്ചുകൂട. പക്ഷേ സിപിഐ അതു ചെയ്തു.സാമൂഹ്യനീതി വാക്കില്‍ മാത്രം പോര, പ്രവര്‍ത്തിയിലും വേണം.മതന്യൂനപക്ഷങ്ങളെ അടുപ്പിക്കാന്‍ അവരെ അധികാരരാഷ്ട്രീയത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം. സിപിഐ അതുചെയ്തില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും സംഭവിച്ചത് മറ്റൊന്നല്ല.

മതന്യൂനപക്ഷങ്ങളോടുള്ള സിപിഐയുടെ നിഷേധാത്മകമായ നിലപാട് യഥാര്‍ത്ഥില്‍ സിപിഐയുടെ അധ:പതിച്ചുവരുന്ന രാഷ്ട്രീയത്തിന്റെ തുടക്കമാണ്. ലീഗ് എന്ന പ്രസ്ഥാനത്തിന് അതിന്റെ കാലികമായ പ്രസക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിന്ന്. മത്സരിച്ച 24 സീറ്റുകളില്‍ 20 സീറ്റു ലഭിച്ച ലീഗിന്റെ വിജയം മറ്റേതുപാര്‍ട്ടിയേക്കാളും തിളക്കമാര്‍ന്നതാണ്. എല്ലാക്കാലത്തും മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ലീഗിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.