വാഷിംഗ്ടണ്‍:മങ്ങിയകാഴ്ചയ്ക്ക് കണ്ണട ആവശ്യമാണ്. ഇന്ന് കണ്ണടയിലും പുതുപുത്തന്‍ ട്രന്റുകള്‍ വരികയാണ്. ധരിക്കുന്ന ആളുടെ ആവശ്യത്തിനനുസരിച്ച് ഫോക്കസ് ചെയ്യാവുന്ന ലോകത്തെ ആദ്യത്തെ ഇലക്ട്രോണിക് കണ്ണടകളാണ് ഏറ്റവും പുതിയ ട്രന്റ്.

എം പവര്‍ എന്നാണ് ഈ പുത്തന്‍ കണ്ണടകള്‍ക്ക് പേരിട്ടിരിക്കുന്നത്. പാക്‌സെല്‍ ഒപ്ടിക്കാണ് ഈ പുത്തന്‍ കണ്ണടകള്‍ നിര്‍മ്മിച്ച് വിപണിയെത്തിക്കുന്നത്.ലെന്‍സുകളിലുള്ള നേര്‍ത്ത ദ്രാവകക്രിസ്റ്റലുകളാണ് നിര്‍ദ്ദേശമനുസരിച്ച് ഫോക്കസ് അഡ്ജസ്റ്റ് ചെയ്യുന്നത്. പല ദൂരത്തിലുള്ള വസ്തുക്കള്‍ കാണാനും വായിക്കാനും കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

മൊബൈല്‍ ഫോണും മറ്റുമൊക്കെ ചാര്‍ജ് ചെയ്യുന്നതുപോലെ ഈ കണ്ണടയും ചാര്‍ജ് ചെയ്യാം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ മൂന്നുദിവസംവരെ കുഴപ്പമില്ലാതെ ഉപയോഗിക്കാനാകും. കഴിഞ്ഞമാസം ന്യൂയോര്‍ക്കില്‍ നടന്ന ഇന്റര്‍നാഷണല്‍ വിഷന്‍ എക്‌സ്‌പോ ഈസ്റ്റിലാണ് 45000 രൂപ വിലയുള്ള ഈ കണ്ണട പ്രദര്‍ശിപ്പിച്ചത്.