ന്യൂദല്‍ഹി:  രാജ്യത്തെ ഇരുപതോളം പാര്‍ലമെന്റ് അംഗങ്ങള്‍ എം.പി ഫണ്ടില്‍ നിന്ന് ഒരു രൂപപോലും ചിലവഴിച്ചിട്ടില്ലെന്ന് കണക്കുകള്‍. ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്,ബി.എസ്.പി നേതാവ് മായാവതി, ബി.ജെ.പി നേതാക്കളായ മുക്താര്‍ അബ്ബാസ് നഖ്‌വി തുടങ്ങിയ പ്രമുഖര്‍ പണം ചിലവഴിക്കാത്തവരുടെ പട്ടികയിലുണ്ട്.

Ads By Google

കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗങ്ങളില്‍ പത്തുപേര്‍ അനുവദിച്ച തുകയുടെ പകുതിയില്‍ താഴെ മാത്രമാണ് ഉപയോഗപ്പെടുത്തിയത്. എന്നാല്‍ ശുപാര്‍ശ ചെയ്ത മുഴുവന്‍ തുകയും രേഖപ്പെടുത്താത്തതാണ് കണക്കിലെ കുറവിന് കാരണമെന്നാണ് എം.പിമാരുടെ വിശദീകരണം.

കേരളത്തില്‍നിന്ന് പണം ചിലവഴിക്കാത്തവരായി ആരുമില്ലെങ്കിലും പലരും അനുവദിച്ച തുകയുടെ പകുതിയില്‍ താഴെമാത്രമാണ് ഉപയോഗപ്പെടുത്തിയത്. ലോക്‌സഭാംഗങ്ങളില്‍ ആറ്റിങ്ങലില്‍ നിന്നുള്ള എ. സമ്പത്താണ് ഏറ്റവും പിന്നില്‍. അനുവദിച്ച ഏഴുകോടി 10 ലക്ഷം രൂപയില്‍ ഒരു കോടി 35 ലക്ഷം രൂപ മാത്രമാണ് സമ്പത്ത് ചിലവഴിച്ചത്.

കോഴിക്കോട് എം.പി എം.കെ. രാഘവന്‍ 20.9 ശതമാനവും മുല്ലപ്പള്ളി രാമചന്ദ്രന്‍ 23.94 ശതമാനവും മാത്രമാണ് ചിലവഴിച്ചത്. അനുവദിച്ച തുകയില്‍ 76 ശതമാനവും ചിലവാക്കി ആന്റോ ആന്റണി മികവുകാട്ടി. 65 ശതമാനം വീതം ചിലവാക്കി എം.ബി.രാജേഷും ഇ.അഹമ്മദും തൊട്ടുപിന്നിലുണ്ട്.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയമാണ് പ്രാദേശിക വികസനത്തിനായി എം.പിമാര്‍ ചിലവഴിച്ച തുകയുടെ കണക്ക് പുറത്തുവിട്ടത്. ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ലാലു പ്രസാദ് യാദവ്, ബി.ജെ.പി നേതാക്കളായ മുക്താര്‍ അബ്ബാസ് നഖ്‌വി, സ്മൃതി ഇറാനി, തരുണ്‍വിജയ്, ജെ.പി. നഡ്ഡ, ബി.എസ്.പി നേതാവ് മായാവതി തുടങ്ങി 20 പേര്‍ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ഒരു രൂപ പോലും ചിലവാക്കിയിട്ടില്ല.

രാജ്യസഭാംഗങ്ങളില്‍ കെ.എന്‍.ബാലഗോപാലാണ് ഏറ്റവും ചെറിയ തുക പ്രാദേശിക വികസനത്തിനായി ഉപയോഗിച്ചത്. 4.5 കോടി രൂപ അനുവദിച്ചതില്‍ 12 ലക്ഷം രൂപ മാത്രമാണ് ബാലഗോപാല്‍ ചിലവഴിച്ചത്. 2.67 ശതമാനം. 21 ശതമാനം തുക ചിലവാക്കിയ എം.പി.അച്യുതനും 30 ശതമാനം ചിലവാക്കിയ ടി.എന്‍.സീമയും പിന്നില്‍ തന്നെ.

അതേസമയം രാജ്യസഭാംഗങ്ങളില്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയും പി.ജെ.കുര്യനുമാണ് ഫണ്ട് ചിലവഴിക്കുന്നതില്‍ മുന്നില്‍. അനുവദിച്ച തുകയുടെ 81 ശതമാനം വീതം ഇരുവരും ചിലവാക്കി. പി.ആര്‍.രാജന്‍ 76 ശതമാനവും എ.കെ.ആന്റണി 72 ശതമാനവും ചിലവഴിച്ചിട്ടുണ്ട്.