എഡിറ്റര്‍
എഡിറ്റര്‍
അബ്ദുസമദ് സമദാനിക്ക് കുത്തേറ്റു
എഡിറ്റര്‍
Friday 8th November 2013 10:23am

samadani

കോട്ടക്കല്‍: മുസ്‌ലീം ലീഗ് നേതാവ് അബ്ദുസമദ് സമദാനി എം.എല്‍.എക്ക് കുത്തേറ്റു. കോട്ടക്കലില്‍ വെച്ചാണ് കുത്തേറ്റത്. സമദാനിയെ കോട്ടക്കലിലെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുറ്റിപ്പുറം ജമാ മസ്ജിദ് കമ്മറ്റിയുമായി ബന്ധപ്പെട്ട് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമദാനി മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്ത ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്ക് ഒടുവിലാണ് സമദാനിക്ക് കുത്തേറ്റത്.

പള്ളിയുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായപ്പോള്‍ ഇരുവിഭാഗത്തേയും ചര്‍ച്ചയ്ക്കായി വിളിക്കുകയും ചര്‍ച്ച കഴിഞ്ഞ് ഇരുകൂട്ടരും മടങ്ങിയ ശേഷം കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ മുറിക്കയ്ക്കകത്ത് കയറി സമദാനിയെ കുത്തുകയുമായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറ്റിപ്പുറം ജുമാ മസ്ജിദ് കമ്മറ്റിയുമായി ബന്ധപ്പെട്ട് രണ്ട് കുടുംബങ്ങള്‍ തമ്മില്‍ നിലനിന്ന പ്രശ്‌നം സംഘര്‍ഷത്തിലേക്ക് വഴിമാറുകയും രണ്ടു പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഇത് ഒത്തുതീര്‍ക്കാനുള്ള ശ്രമത്തിനിടെയാണ് സമദാനിക്ക് നേരെ ആക്രമണമുണ്ടായത്. ചര്‍ച്ച പൂര്‍ത്തിയായി മറ്റുള്ളവര്‍ പിരിഞ്ഞുപോയ ശേഷം സമദാനി ഒറ്റയ്ക്ക് മുറിയില്‍ ഇരിക്കുമ്പോഴാണ് ആക്രമണം നടന്നത്.

സമദാനിയോട് മാപ്പ് പറയണമെന്നും ചെയ്തു തെറ്റുകള്‍ പൊറുക്കണമെന്ന് അപേക്ഷിക്കണമെന്നും പറഞ്ഞാണ് ഇയാള്‍ മുറിക്കകത്ത് കയറിയത്.

പുളിക്കല്‍ കുഞ്ഞാവ എന്നയാളാണ് ആക്രമിച്ചതെന്നാണ് വിവരം. രണ്ട് വര്‍ഷം മുന്‍പെ പള്ളിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഇയാളുടെ രണ്ട് സഹോദരങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.

സമദാനിയുടെ മൂക്കിനാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. കുഞ്ഞാവ കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ഇവിടെ വെച്ച് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisement