ന്യൂദല്‍ഹി: കാലാവധി പൂര്‍ത്തിയാക്കിയ ആര്‍ എസ് ഗവായിക്ക് പകരക്കാരനായി നിലവിലെ ജാര്‍ഖണ്ഡ് ഗവര്‍ണറായ എം.ഒ.എച്ച് ഫാറൂഖിനെ കേരളാ ഗവര്‍ണറായി നിയമിച്ചു. മുന്‍ കേരളാ നിയമസഭാ സ്്പീക്കറായ വക്കം പുരുഷോത്തമനെ മിസോറാം ഗവര്‍ണറായും ആധ്ര മുന്‍ മുഖ്യമന്തി കെ. റോസയ്യയെ തമിഴ്‌നാട് ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്.

1967, 1969, 1974 കളിലായി മൂന്ന് തവണ പുതുച്ചേരിയില്‍ മുഖ്യമന്ത്രിയായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ മുഖ്യമന്ത്രിയായി റെക്കോര്‍ഡിട്ട ആളാണ് ഫാറൂഖ്. 29 വയസ്സുള്ളപ്പോഴാണ് 1967ല്‍ അദ്ദേഹം മുഖ്യമന്ത്രിയായത്. മൂന്നുതവണ അദ്ദേഹം പോണ്ടിച്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എം.പിയായി 1991, 1996, 1999 വര്‍ഷങ്ങളില്‍ കേന്ദ്രത്തില്‍ വ്യോമയാന, ടൂറിസം സഹമന്ത്രിയായിരുന്നു. 2004ല്‍ അദ്ദേഹത്തെ സൗദി അറേബ്യയില്‍ ഇന്ത്യയുടെ അംബാസിഡറായി നിയമിച്ചു. കഴിഞ്ഞവര്‍ഷമാണു ജാര്‍ഖണ്ഡില്‍ ഗവര്‍ണറാക്കിയത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വക്കം പുരുഷോത്തമന്‍ നേരത്തെ ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.നിയമസഭാ സ്പീക്കറായി രണ്ടുവട്ടം പ്രവര്‍ത്തിച്ചിട്ടുണ്ട്. അച്യുതമേനോന്‍ മന്ത്രിസഭയിലും നായനാര്‍ മന്ത്രിസഭയിലും ആദ്യ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും അംഗമായിരുന്നു. അഞ്ചുതവണ എം.എല്‍.എയും രണ്ടുതവണ എം.പിയുമായി. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനത്തെക്കുറിച്ചു പഠിക്കുന്ന സമിതിയുടെ ചെയര്‍മാനായിരുന്നു.