കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ വ്യവസായിയും മുതിര്‍ന്ന മലയാളി പൗരനുമായ എം മാത്യൂസ് (ടൊയോട്ട സണ്ണി, 81) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്ന അദ്ദേഹം ഇന്ന് വൈകീട്ട് 4 മണിയോടെ കുവൈത്ത് ഖാദിസിയയിലെ വീട്ടില്‍ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്.

കുവൈറ്റിന്റെ സ്വാതന്ത്ര്യ ലബ്ധിക്ക് ഒരു പതിറ്റാണ്ടു മുമ്പ് 1956 ഒക്ടോബറിലാണ് അദ്ദേഹം കുവൈത്തില്‍ എത്തിയത്. രാജ്യത്തെ പ്രമുഖ ഓട്ടോ മൊബൈല്‍ കമ്പനിയായ അല്‍ സായര്‍ ഗ്രൂപ്പിന്റെ ഇന്നത്തെ വളര്‍ച്ചക്ക് അടിത്തറ പാകിയ അദ്ദേഹം 1989-ല്‍ സ്ഥാപനത്തിന്റെ ഉന്നത പദവില്‍ ഇരിക്കവെ സ്വയം വിരമിച്ചു. ഇതിനു ശേഷവും ടൊയോട്ട സണ്ണി എന്ന പേരിലാണു മലയാളി സമൂഹത്തിനിടയില്‍ അദ്ദേഹം അറിയപ്പെട്ടത്.


Also Read: ‘എന്നാ ഒരു കാര്യം പറയട്ടെ, എനിക്കത് ഓര്‍മ്മയില്ല’; ആഹ്ലാദപ്രകടനം നടത്തിയത് സി.പി.ഐ.എമ്മുകാരാണെന്ന് പറഞ്ഞിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍; മലക്കം മറിച്ചില്‍ പൊലീസ് കേസിന് പിന്നാലെ


പിന്നീട് സഫീന റെന്റ് എ കാര്‍, സഫീന ജനറല്‍ ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനി മുതലായ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു വരികയായിരുന്നു അദ്ദേഹം. 1990-ല്‍ ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതില്‍ സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം കാഴ്ച വെച്ചത്.

ജാബിരിയ ഇന്ത്യന്‍ സ്‌കൂളിന്റെ സ്ഥാപകനായ അദ്ദേഹം 15 വര്‍ഷക്കാലം ഇന്ത്യന്‍ ആര്‍ട്ട് സര്‍ക്കിളിന്റെ പ്രസിഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. പത്തനംതിട്ട കൊയ്പ്പുറം കുമ്പനാട് സ്വദേശിയാണ് മാത്യൂസ്. ഭാര്യ മേരി മാത്യു, മക്കള്‍ ജോയ് മാത്യു, ആനി മാത്യു, സൂസന്‍ മാത്യു.

അക്ഷയ് കുമാര്‍ നായകനായി എത്തിയ ബോളിവുഡ് ചിത്രം ‘എയര്‍ലിഫ്റ്റ്’ മാത്യൂസ് ഉള്‍പ്പെടെയുള്ളവര്‍ ഇറാഖ് അധിനിവേശകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി എടുത്ത ചിത്രമാണ്.