ന്യൂദല്‍ഹി: മണക്കാട്ടെ വിവാദ പ്രസംഗത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.

Ads By Google

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അതിനാല്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നുമായിരുന്നു മണിയുടെ ആവശ്യം. അന്വേഷണം പൂര്‍ത്തിയായ കേസില്‍ പുനരന്വേഷണത്തിന് നിയമം അനുവദിക്കുന്നില്ലെന്നും മണി ഹരജിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഹരജി തള്ളിയ കോടതി കേസുമായി സംസ്ഥാന സര്‍ക്കാറിന് മുന്നോട്ട് പോകാമെന്നും വ്യക്തമാക്കി. തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ കേസിനെ സംബന്ധിച്ച് പരാമര്‍ശം നടത്തിയാല്‍ അന്വേഷണത്തെ ബാധിച്ചേക്കുമെന്നും കോടതി നിരീക്ഷിച്ചു.

മണിയുടെ ആവശ്യം അംഗീകരിച്ചാല്‍ നിലവില്‍ അന്വേഷണം നടക്കുന്ന അഞ്ചേരി ബേബി വധം ഉള്‍പ്പെടെയുള്ള കേസുകളെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

മണിക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ള ഒരു വകുപ്പും സുപ്രീംകോടതി റദ്ദാക്കിയില്ല. കൊലപാതക വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും മറച്ചുവെയ്ക്കല്‍, കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുക, സമൂഹത്തിന് ഭീഷണി സൃഷ്ടിക്കുക, തുടങ്ങിയ വകുപ്പുകളനുസരിച്ചും പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തല്‍ എന്നിവയാണ് മണിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

തൊടുപുഴയില്‍ മണക്കാട് സി.പി.ഐഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊന്നുവെന്ന മണിയുടെ പ്രസംഗമാണ് വിവാദമയാത്.

ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കിയിരുന്നു.