ഒഞ്ചിയം: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധത്തെ പരോക്ഷമായി ന്യായീകരിച്ച് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എം.എം മണി രംഗത്ത്.

Ads By Google

പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിരോധിക്കേണ്ടിവരുമെന്നും ഒഞ്ചിയത്ത് നടന്നത് അത്തരത്തിലുള്ള സംഭവങ്ങളാണെന്നുമായിരുന്നു മണിയുടെ ന്യായീകരണം

പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ചെറുത്തുനില്‍ക്കും. ഇങ്ങോട്ട് ഗുണ്ടായിസം കാണിച്ചാല്‍ അതിനെ പ്രതിരോധിക്കാന്‍ അവകാശമുണ്ട്. അത് ശരിയും അനിവാര്യതയുമാണ്. അതുതന്നെയാണ് ഇവിടേയും നടന്നതെന്നും മണി പറഞ്ഞു.

ഓര്‍ക്കാട്ടേരിയില്‍ സി.പി.ഐ.എം സംഘടിപ്പിച്ച ഞേറലാട്ട് അനന്തന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മണി.

”പ്രസ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ അടി കൊണ്ട് മടുക്കുമ്പോള്‍ തിരിച്ചടിക്കേണ്ടത് അനിവാര്യമാണ്… അത് ഇവിടെയും ചെയ്തു… അത് തികച്ചും ശരിയാണ്…” ഇങ്ങോട്ടു വന്ന് ഗുണ്ടായിസം കളിച്ചാല്‍ പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും മണി പറഞ്ഞു.

തല്ലുകൊണ്ടു മടുക്കുമ്പോള്‍, അടികൊണ്ട് ചത്തുവീഴുമ്പോള്‍ വീണ സഖാവിന്റെ പിന്‍ഗാമികള്‍ ചിലപ്പോള്‍ ചെറുത്തുനിന്നെന്നു വരും. അത് ശരിയാണെന്നും എം.എം മണി പറഞ്ഞു. ടി.പി ചന്ദ്രശേഖരന്റെ പേരുപറയാതെയായിരുന്നു എം.എം മണിയുടെ പരാമര്‍ശം.