തിരുവനന്തപുരം: നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ തോല്‍വിക്ക് ഒരു കാരണം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിയുടെ അപലപനീയമായ
പ്രസംഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

മണിയുടെ പ്രസംഗം ജനങ്ങളെ സ്വാധീനിച്ചെന്നും പാര്‍ട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസത്തിന് കോട്ടം തട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. ടി.പി ചന്ദ്രശേഖരന്‍ വധം പ്രചരണായുധമാക്കുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വിജയിച്ചെന്നും അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.

ടി.പി യുടെ കൊലപാതകത്തിന് കാരണക്കാരായി യു.ഡി.എഫ് എല്‍.ഡി.എഫിനെ ചൂണ്ടിക്കാട്ടി. അതില്‍ അവര്‍ വിജയിച്ചു. ടി.പിയുടെ മരണത്തെ ഒരു ആയുധമാക്കി അവര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടു. ടി.പിയുടെ മരണം ജനങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തുകയും പാര്‍ട്ടിയില്‍ നിന്നും അകലാന്‍ ആളുകളെ പ്രേരിപ്പിച്ചെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

പരാജയകാരണം എല്‍.ഡി.എഫ് പരിശോധിക്കുമെന്നും ഫലം യു.ഡി.എഫ് സര്‍ക്കാരിനുള്ള അംഗീകാരമല്ലെന്നും വി.എസ് പറഞ്ഞു. എന്നാല്‍ മണിയുടെ പ്രസംഗം കേരളത്തില്‍ ഒരു ചലനവുമുണ്ടാക്കിയില്ലെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍ വ്യക്തമാക്കി. എല്‍.ഡി എഫിന്റെ വോട്ട് ചോര്‍ച്ച് അന്വേഷിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.