കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ നുണപരിശോധനയ്ക്ക് വിധേയനാവാന്‍ തയ്യാറല്ലെന്ന് സി.പി.ഐ.എം  ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി.

പ്രത്യേക പൊലീസ് അന്വേഷണ സംഘത്തെയാണ് മണി ഇക്കാര്യം അറിയിച്ചത്. അന്വേഷണ ചുമതലയുള്ള ക്രൈം ഡിറ്റാച്‌മെന്റ് ഡി.വൈ.എസ്.പി  എ.യു. സന്തോഷ് കുമാറിന് രജിസ്‌ട്രേഡ് തപാലില്‍ അയച്ച കത്തിലാണ് നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന കാര്യം മണി വ്യക്തമാക്കിയത്.

Ads By Google

നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. അഡ്വക്കറ്റ് കെ. ദാമോദരനാണ് മണിക്ക് നിയമോപദേശം നല്‍കിയത്.

‘തനിക്ക് 69 വയസ്സായി. പത്തു വര്‍ഷത്തോളമായി പലവിധ രോഗങ്ങള്‍ക്ക് ചികിത്സയിലാണ്. ശ്വാസകോശത്തിന് ഗുരുതരമായ അസുഖമുണ്ട്. ഈ സാഹചര്യത്തില്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ നുണപരിശോധനയ്ക്ക് വിധേയനാവാന്‍ കഴിയില്ല.

നുണപരിശോധന ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പൊലീസിനോട് ഇക്കാര്യത്തില്‍ സഹകരിക്കാനാവില്ല.

ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പൊലീസിന്റെ ഈ നടപടി കീഴ്‌ക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും’.ഇതാണ് മണിയുടെ കത്തിന്റെ ഉള്ളടക്കം.

മുന്‍ അഡ്വക്കറ്റ് ജനറലും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ എം.കെ. ദാമോദരനുമായി കൊച്ചിയിലുള്ള വീട്ടില്‍ ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എം.എം. മണി നുണപരിശോധനയക്ക് തയ്യാറല്ലെന്ന കാര്യം വ്യക്തമാക്കി പൊലീസിന് കത്ത് നല്‍കാന്‍ തീരുമാനിച്ചത്.

ഇന്നലെ രാവിലെയാണ് ഇടുക്കി കുഞ്ചിത്തണ്ണിയിലെ എം.എം.മണിയുടെ വീട്ടില്‍ നേരിട്ടെത്തി പ്രത്യേക അന്വേഷണസംഘം നോട്ടീസ് കൈമാറിയത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്ന് നോട്ടീസിലുണ്ടായിരുന്നു. നിയമവിദഗ്ദ്ധനുമായി ആലോചിച്ച് നോട്ടീസിന് മറുപടി നല്‍കുമെന്ന് മണി പറഞ്ഞിരുന്നു. മണി ഉള്‍പ്പെടെ നാല് പേര്‍ക്കാണ് സമന്‍സ് അയച്ചത്.