എഡിറ്റര്‍
എഡിറ്റര്‍
എം.എം മണി മൂന്ന് ദിവസം കൂടി പോലീസ് കസ്റ്റഡിയില്‍
എഡിറ്റര്‍
Wednesday 28th November 2012 12:03pm

തൊടുപുഴ: കഴിഞ്ഞ ദിവസം അറസ്റ്റിലായ സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാസെക്രട്ടറി എം.എം മണിയെ മൂന്ന് ദിവസം കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. നവംബര്‍ 30 വരെ പോലീസ് കസ്റ്റഡിയില്‍ വിടാനാണ് കോടതി ഉത്തരവിട്ടത്. ചോദ്യംചെയ്യുന്നതിനാണ് ഇദ്ദേഹത്തെ പോലീസിന് വിട്ടുനല്‍കിയത്.

Ads By Google

യൂത്ത് കോണ്‍ഗ്രസ് നേതാവ് മേലെചെമ്മണ്ണാര്‍ അഞ്ചേരിബേബിയെ വധിച്ച കേസുമായി ബന്ധപ്പെട്ടാണ് മണിയെ അറസ്റ്റ് ചെയ്തത്. നവംബര്‍ 21ന് പുലര്‍ച്ചെ 5.40ന് കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തിയ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റുചെയ്തത്.

സംഭവം നടന്ന് മുപ്പതുവര്‍ഷത്തിനുശേഷമാണ് ഈ അറസ്റ്റ്. രാവിലെ ഏഴുമണിക്ക് നെടുങ്കണ്ടം സി.ഐ ഓഫീസിലെത്തിച്ച മണിയെ രാവിലെ ഒന്‍പതിന് നെടുങ്കണ്ടം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.

തുടര്‍ന്ന് മണിയെ ഡിസംബര്‍ നാലുവരെ കോടതി റിമാന്‍ഡ് ചെയ്ത് പീരുമേട് സബ്ജയിലിലേക്കയച്ചു. ഇതിനിടെ എം.എം മണി നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി.

ഓപ്പറേഷന്‍ ‘റിങ്‌ടോണ്‍’ എന്ന് പേരിട്ട് തികച്ചും നാടകീയമായിട്ടാണ് മണിയെ അറസ്റ്റുചെയ്തത്. നുണപരിശോധനയ്ക്ക് ഹാജരാകില്ല എന്നറിഞ്ഞശേഷം നവംബര്‍ 15 മുതലാണ് ഐ.ജി. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മണിയെ അറസ്റ്റുചെയ്യാനുള്ള നീക്കം നടത്തിയത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തി ഇരുനൂറോളം പോലീസുകാരെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെത്തിച്ചിരുന്നു. മണിയെ അറസ്റ്റുചെയ്യുന്നതിനുള്ള നീക്കം സമീപപ്രദേശങ്ങളിലെ പോലീസ് സ്‌റ്റേഷനുകളില്‍പ്പോലും അറിയിച്ചിരുന്നില്ല.

അഞ്ചേരി ബേബി വധക്കേസിലെ  ഒന്നാം പ്രതി പാമ്പുപാറ കുട്ടനേയും മൂന്നാം പ്രതി ഒ.ജി മദനനേയും പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ പുലര്‍ച്ചെക്ക് ചെമ്മണ്ണാറിലെ വീട്ടില്‍ വച്ചാണ് കുട്ടനെ അറസ്റ്റ് ചെയ്തത്. ദേവികുളം സി.ഐയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു മദനന്റെ അറസ്റ്റ്. അദ്ദേഹത്തിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement