കട്ടപ്പന: സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ വീട് വളഞ്ഞായിരുന്നു അറസ്റ്റ്. പുലര്‍ച്ചെ 5.50നായിരുന്നു അറസ്റ്റ്. ഡിസംബര്‍ 4 വരെ മണിയെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കോടതിയില്‍ നിന്ന് മണിയെ പീരുമേട് സബ്ജയിലിലേക്ക് കൊണ്ടുപോയി. നെടുങ്കണ്ടം പോലീസാണ് മണിയെ അറസ്റ്റ് ചെയ്തത്.

Ads By Google

അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സി.പി.ഐ.എം ഇടുക്കി ജില്ലാസെക്രട്ടറി കെ.കെ ജയചന്ദ്രന്‍ പറഞ്ഞു. അറസ്റ്റില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം ഇടുക്കിയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിക്കും.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഞ്ചേരി ബേബി വധിക്കപ്പെട്ട കേസില്‍ പൊലീസ് മണിയെ പ്രതി ചേര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം കേസില്‍ നുണ പരിശോധനക്ക് ഹാജരാകാല്‍ പൊലീസ് മണിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നിയമവിരുദ്ധമായ പരിശോധനക്ക് ഹാജരാകില്ലെന്ന് മണി അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം കേസിന്റെ അന്വേഷണ ചുമതലയുള്ള ക്രൈം ഡിറ്റാച്‌മെന്റ് ഡി.വൈ.എസ്.പി  എ.യു. സന്തോഷ് കുമാറിന് രജിസ്‌ട്രേഡ് തപാലില്‍ അയച്ച കത്തിലാണ് നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന കാര്യം മണി വ്യക്തമാക്കിയത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. അഡ്വക്കറ്റ് കെ. ദാമോദരനാണ് മണിക്ക് നിയമോപദേശം നല്‍കിയത്. ‘തനിക്ക് 69 വയസ്സായി. പത്തു വര്‍ഷത്തോളമായി പലവിധ രോഗങ്ങള്‍ക്ക് ചികിത്സയിലാണ്.

ശ്വാസകോശത്തിന് ഗുരുതരമായ അസുഖമുണ്ട്. ഈ സാഹചര്യത്തില്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ നുണപരിശോധനയ്ക്ക് വിധേയനാവാന്‍ കഴിയില്ല. നുണപരിശോധന ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പൊലീസിനോട് ഇക്കാര്യത്തില്‍ സഹകരിക്കാനാവില്ല. ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പൊലീസിന്റെ ഈ നടപടി കീഴ്‌ക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും’.ഇതാണ് മണിയുടെ കത്തിന്റെ ഉള്ളടക്കം.

മേയ് 25 ന് തൊടുപുഴക്കടുത്ത് മണക്കാട് മണി നടത്തിയ പ്രസംഗം അഞ്ചേരി ബേബി വധക്കേസില്‍ മണിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്നതായി ആരോപിച്ചാണ് പൊലീസ് കേസെടുത്തത്.

ഇടുക്കിയിലെ തൊഴില്‍ പ്രശ്‌നത്തെ തുടര്‍ന്ന് പ്രദേശത്ത് ഒരുമാസം സംഘര്‍ഷം നിലനിന്നിരുന്നു. ഇതേ തുടര്‍ന്ന് ഇടത് അനുകൂല യൂണിയനുകളില്‍പ്പെട്ട നിരവധി തൊഴിലാളികള്‍ കോണ്‍ഗ്രസിലേക്ക് മാറുകയും ചെയ്തു. ഇവര്‍ സി.പി.ഐ.എമ്മില്‍ നിന്നും ഭീഷണി നേരിട്ടവരായിരുന്നു. ഇവരില്‍ ബേബിയും ഉള്‍പ്പെട്ടിരുന്നു. തൊഴില്‍ പ്രശ്‌നം പരിഹരിക്കാനുള്ള ചര്‍ച്ചയ്ക്കായി ഏലത്തോട്ടത്തിലൂടെ നടന്നുപോകുകയായിരുന്ന ബേബിയെ മറഞ്ഞിരുന്ന പ്രതികള്‍ വെടിവെയ്ക്കുകയായിരുന്നു.

 

കണ്ടും കൊടുത്തും ശീലമുണ്ട്. ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കണ്ട: എം.എം മണി