കോട്ടയം: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി രംഗത്തെത്തി.

Ads By Google

ഒരു അലവലാതിയെ ആണ് ആഭ്യന്തരമന്ത്രിയായി കോണ്‍ഗ്രസ് നിശ്ചയിച്ചതെന്ന് മണി പറഞ്ഞു. മുഖ്യമന്ത്രിയുടെ ആസനം താങ്ങുകയാണ് ആഭ്യന്തരമന്ത്രിയുടെ പണിയെന്നും മണി തുറന്നടിച്ചു.

ടി.പി വധക്കേസില്‍ വഴിവക്കില്‍ നിന്ന് സോഡ കുടിച്ചവരെപ്പോലും പ്രതിയാക്കുകയായിരുന്നു. കേരളത്തില്‍ സി.പി.ഐ.എമ്മിനെ തകര്‍ക്കാനാണ് ആഭ്യന്തരമന്ത്രിയുടെ ശ്രമമെന്നും മണി വിമര്‍ശിച്ചു.

അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ എം.എം മണി ഇന്നലെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

കണ്ണേ കരളേ എന്ന് വിളിച്ച് തന്നെ ആരും സ്വീകരിക്കേണ്ടെന്ന് ഇന്നലെ തന്നെ മണി പറഞ്ഞിരുന്നു. അത് വിപ്ലവകാരികള്‍ക്ക് ചേര്‍ന്നതല്ലെന്നും.  എം.എം മണി സിന്ദാബാദ് എന്ന് വിളിച്ചോളൂ’ എന്നുമായിരുന്നു മണിയുടെ ആഹ്വാനം. .

കഴിഞ്ഞ ദിവസമാണ് മണിക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നിവയാണ് ഉപാധികള്‍.

25000 രൂപ സ്വന്തം ജാമ്യത്തിലും തത്തുല്യമായ ആള്‍ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. മണിക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നടപടി.