Categories

പ്രസംഗത്തില്‍ ഉറച്ചു നില്‍ക്കുന്നു; സി.പി.ഐയും കോണ്‍ഗ്രസ്സും ഒന്നിച്ച് പാര്‍ട്ടിയെ അക്രമിക്കുന്നു: എം.എം. മണി

തൊടുപുഴ: ചിന്നക്കനാലിലുള്‍പ്പെടെ താന്‍ നടത്തിയ പ്രസംഗത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ തന്നെ പി.ബി തള്ളിപ്പറഞ്ഞിട്ടില്ലെന്നും താന്‍ ഒളിവിലായിരുന്നില്ലെന്നും സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി മാധ്യങ്ങളോട് പറഞ്ഞു. പ്രസംഗത്തിലെ പിഴവ് ചൂണിക്കാണിക്കുക മാത്രമാണ് പിബി ചെയ്തത്. അല്ലാതെ പി.ബി തള്ളിപ്പറഞ്ഞുവെന്ന് പറയുന്ന വാര്‍ത്തയൊക്കെ അടിസ്ഥാന രഹിതമാണ്. പി.ബിയുടെ പരാമര്‍ശത്തെ താന്‍ അംഗീകരിക്കുന്നുവെന്നും മണി പ്രതികരിച്ചു.

ചിന്നക്കനാലിലുള്‍പ്പെടെ താന്‍ നടത്തിയ പ്രസംഗത്തില്‍ ഉറച്ചു നില്‍ക്കുന്നു. പന്ന്യന്‍ രവീന്ദ്രന്‍ സി.പി.ഐ.എമ്മിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ടതില്ല. സി.പി.ഐയും കോണ്‍ഗ്രസ്സും ഒന്നിച്ചാണ് പാര്‍ട്ടിക്കെതിരെ ആക്രമണം അഴിച്ചു വിടുന്നത്. അതുകൊണ്ടാണ് അങ്ങനെ പ്രസംഗിച്ചത്. വി.എസുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിവാദങ്ങളെ ഭയന്നാണ് മാധ്യമങ്ങളോട് സംസാരിക്കാതിരുന്നത്. മാധ്യമങ്ങള്‍ അനാവശ്യമായി വിവാദമുണ്ടാക്കുകയാണ്. ഒളിവിലായിരുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. താന്‍ ഒളിവിലായിരുന്നില്ലെന്നും വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്നും മണി വ്യക്തമാക്കി. ശനിയാഴ്ച വരെ തുടര്‍ച്ചയായ അഞ്ചാം ദിവസവും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതിരിക്കുകയും മണിയുടെയും െ്രെഡവറുടെയും മൊബൈല്‍ഫോണ്‍ സ്വിച്ചോഫുമായിരുന്നു.

പലരും പ്രചരിപ്പിക്കുന്നതു പോലെ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്നും ഇന്ന് മുതല്‍ ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ വീണ്ടും സജീവമാകുമെന്ന് എം.എം. മണി വെളിപ്പെടുത്തി. ഇന്ന് നടക്കുന്ന ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ്, കമ്മിറ്റിയോഗത്തിലും മണി പങ്കെടുക്കുന്നതിനായി ജില്ലാകമ്മിറ്റി ഓഫീസിലെത്തിയിട്ടുണ്ട്.

രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എം.എം മണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് കാണിച്ച് പാര്‍ട്ടി ഓഫീസില്‍ നോട്ടീസ് പതിച്ചിരുന്നു. ജൂണ്‍ ആറിന് തൊടുപുഴ ഡി.വൈ.എസ്.പി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെടുന്നതാണ് നോട്ടീസ്. നോട്ടീസുമായി രാവിലെ 7.30 ന് പോലീസ് ഓഫീസിലെത്തിയെങ്കിലും വീട്ടിലുണ്ടെന്ന് പറഞ്ഞ് ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് പോലീസ് ചുമരില്‍ നോട്ടീസ് പതിച്ചത്. ഇന്നലെ വീടിന് മുന്നിലും പോലീസ് നോട്ടീസ് പതിച്ചിരുന്നു.

വിവാദപ്രസംഗത്തില്‍ വ്യക്തിപരമായി അധിക്ഷേപിച്ചതിനെ തുടര്‍ന്ന് വി.എസ് മണിയെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. എമ്പോക്കികളുടെ പരാമര്‍ശത്തിന് മറുപടിയില്ല. ഇത്തരം എമ്പോക്കികളുടെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.