ഇടുക്കി: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മൂന്നാറില്‍ നടന്നത് ഭരണകൂട ഭീകരതയാണെന്ന് സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി. ഇപ്പോള്‍ കുടിയിറക്കലിന് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രത്യേക അജണ്ടയ്ക്ക് രൂപം കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്കെതിരായ ഏത് സമരത്തെയും എന്തുവിലകൊടുത്തും സി.പി.ഐ.എം നേരിടും. ഒഴിപ്പിക്കാന്‍ വന്നാല്‍ കയ്യാണോ കാലാണോ വെട്ടുന്നതെന്ന് തീരുമാനിച്ചിട്ടില്ല. കയ്യേറ്റം മൂന്നാറിലോ ചിന്നക്കനാലിലോ പാര്‍വ്വതീമലയിലോ എവിടെയായാലും ഒഴിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സി.പി.ഐ.എം കയ്യേറ്റത്തെ എതിര്‍ക്കും. എന്നാല്‍ കുടിയേറ്റത്തെ സംരക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മൂന്നാര്‍ ടൗണില്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയത് ഭരണകൂട ഭീകരത തന്നെയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.